അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തർക്കം നിലനില്‍ക്കുന്ന സീറ്റുകളില്‍ സ്ഥാനാർഥികളെ തീരുമാനിച്ച് കോണ്‍ഗ്രസ്.
തർക്കം രൂക്ഷമായിരുന്ന കണ്ണൂരില്‍ മുൻ മേയർ ടി ഒ മോഹനനും കോന്നിയില്‍ സതീഷ് കൊച്ചു പറമ്പിലും മത്സരിക്കുമെന്നാണ് വിവരം. രണ്ടാംഘട്ട പട്ടിക പത്തുമണിയോടെ പ്രഖ്യാപിക്കും. നേമത്ത് ശബരീനാഥനും, ആറന്മുളയില്‍ അബിൻ വർക്കിയും സ്ഥാനാർഥിയാവും. വാമനപുരം- സുധീർ ഷാ പാലോട്, നെയ്യാറ്റിൻകര -എൻ ശക്തൻ, റാന്നി -പഴകുളം മധു, ഇടുക്കി- റോയ് കെ പൗലോസ്, ഏറ്റുമാനൂർ- നാട്ടകം സുരേഷ് എന്നിങ്ങനെയാണ് നിർദേശങ്ങള്‍. അതേസമയം, അഞ്ചു മണ്ഡലങ്ങളില്‍ ഒറ്റപ്പേരിലെത്താൻ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. പെരുമ്പാവൂരിലും ഉദുമയിലും പട്ടാമ്പിയിലും ചടയമംഗലത്തും തർക്കം തുടരുകയാണ്.
കെ സുധാകരൻ ഉള്‍പ്പെടെയുള്ള എംപിമാർക്ക് ആർക്കും സീറ്റ് നല്‍കേണ്ടെന്നായിരുന്നു കോണ്‍ഗ്രസിലെ തീരുമാനം. മാരത്തോണ്‍ ചർച്ചയ്ക്കൊടുവിലാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡ് തീരുമാനം. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കടുത്ത നിലപാടെടുത്തതോടെ സുധാകരന്‍റെ സമ്മർദ്ദ തന്ത്രം പാളി. പെരുമ്പാവൂർ സീറ്റുള്‍പ്പെടെ ആറ് സീറ്റുകളിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടു.
കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് മത്സരിക്കും. മുഴുവൻ സ്ഥാനാർത്ഥികളേയും ഇന്ന് പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് കിട്ടാത്തവരുടെ വിഷമം മാറ്റുമെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. തർക്ക സീറ്റുകളിലെ തീരുമാനം ഹൈക്കമാൻഡിന് വിട്ടെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയില്‍ നടന്ന മാരത്തോണ്‍ ചർച്ച വെളുപ്പിന് 2.15 നാണ് അവസാനിച്ചത്. എംപിമാർ മത്സരിക്കുന്നത് തീരുമാനിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് ചർച്ചക്ക് ശേഷം പ്രതികരിച്ചു.
തർക്കമുള്ള മണ്ഡലങ്ങളിലേക്ക് ആരെയും തീരുമാനിച്ചിട്ടില്ലെന്നും നാലഞ്ച് സീറ്റില്‍ ചർച്ച തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ബാക്കി സീറ്റുകളില്‍ തീരുമാനമായി. ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളെ എഐസിസി പ്രഖ്യാപിക്കുമെന്നും നല്ല സ്ഥാനാർത്ഥികളെയാണ് തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് രാവിലെ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.