കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽഗാന്ധി ഇന്ന് കോഴിക്കോട് വരില്ല. രാഹുൽ ഗാന്ധിയുടെ കോഴിക്കോട് യാത്ര റദ്ദാക്കി. പകരം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണപരിപാടിയിൽ പങ്കെടുക്കും.
അമ്മ സോണിയാഗാന്ധി അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച സാഹചര്യത്തിലാണ് രാഹുൽ കോഴിക്കോട് യാത്ര റദ്ദാക്കിയത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് സോണിയാഗാന്ധിയെ ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മക്കളായ പ്രിയങ്കയും രാഹുലും സോണിയക്കൊപ്പമുണ്ട്.
രാഹുൽഗാന്ധി നാലരയ്ക്ക് കോഴിക്കോട് ബീച്ചിലെ പ്രചാരണ പരിപാടിയിൽ സംബന്ധിക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചിരുന്നത്. കോൺഗ്രസ് മുന്നോട്ടുവെച്ച ഗ്യാരണ്ടി വിശദീകരിക്കുന്ന ബസിന്റെ പ്ലാഗ് ഓഫ്, പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജനങ്ങളുമായുള്ള സംവാദം തുടങ്ങിയ പരിപാടികളാണ് രാഹുൽ പങ്കെടുക്കാനായി നിശ്ചയിച്ചിരുന്നത്.
