ന്യൂഡൽഹി: ദീർഘകാലമായി കോൺഗ്രസ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന അക്ബർ റോഡിലെ കെട്ടിടത്തിൽനിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് കേന്ദ്രം നോട്ടീസ് നൽകി. 1978 മുതൽ പാർട്ടി ആസ്ഥാനമായി പ്രവർത്തിച്ച കെട്ടിടമാണിത്. റെയ്‌സിന റോഡിലുള്ള യൂത്ത് കോൺഗ്രസ് ഓഫീസും ഒഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 28നകം രണ്ട് കെട്ടിടങ്ങളും ഒഴിഞ്ഞുകൊടുക്കണമെന്നാണ് നിർദ്ദേശം.ബലപ്രയോഗത്തിലൂടെയുള്ള ഒഴിപ്പിക്കൽ തടയാൻ കോടതിയെ സമീപിക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.
ഐടിഒയ്ക്ക് സമീപമുള്ള ഇന്ദിരാ ഭവൻ എന്ന പുതിയ ആസ്ഥാനത്തേക്ക് കോൺഗ്രസ് കുറച്ചുനാൾ മുമ്പ് മാറിയിരുന്നു. എന്നാൽ അക്ബർ റോഡിലെ ഓഫീസ് ഒഴിഞ്ഞിരുന്നില്ല. നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമായ നടപടിയാണെന്നും നോട്ടിസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ അഭിഷേക് മനു സിങ്വി പറഞ്ഞു.
രണ്ട് വിലാസങ്ങളും നിലനിർത്താനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്ന് നേതൃത്വം പറയുന്നു. അക്ബർ റോഡിലെ ബംഗ്ലാവിന് വിപണി നിരക്കിലുള്ള വാടക കോൺഗ്രസ് നൽകുന്നുണ്ട്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം, ഈ ബംഗ്ലാവ് ഏതെങ്കിലും മുതിർന്ന കോൺഗ്രസ് എംപിയുടെ പേരിൽ അനുവദിച്ച് നൽകാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തിക്കുന്ന കെട്ടിടവും പാർട്ടിയുടെ പോഷക സംഘടനയ്ക്കായി കോൺഗ്രസിന്റെ പേരിലാണ് അനുവദിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
