ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി കൊല്ലപ്പെട്ടതായി ട്രംപ്.


ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

ട്രംപിന്റെ സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് പ്രഖ്യാപനം. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കമായ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ ആദ്യഘട്ടത്തില്‍ ഖമനയിയുടെ ടെഹ്‌റാനിലെ സുരക്ഷിത താവളം തകർത്തതായാണ് അവകാശവാദം.

"ചരിത്രത്തിലെ ഏറ്റവും ക്രൂരനായ മനുഷ്യരില്‍ ഒരാളായ ഖമനയി കൊല്ലപ്പെട്ടു. ഇത് ഇറാന്റെ ജനതയ്ക്കും ഖമേനിയുടെ ഗുണ്ടാസംഘത്താല്‍ കൊല്ലപ്പെടുകയോ പരിക്കേല്‍പ്പിക്കപ്പെടുകയോ ചെയ്ത അമേരിക്കക്കാർക്കും ലോകമെമ്പാടുമുള്ളവർക്കും ലഭിച്ച നീതിയാണ്. ഞങ്ങളുടെ അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളില്‍ നിന്ന് രക്ഷപ്പെടാൻ അയാള്‍ക്കായില്ല. ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണിത്. പോരാട്ടം തുടരാൻ ആഗ്രഹിക്കാത്ത ഐആർജിസി ഉദ്യോഗസ്ഥർക്ക് ഇപ്പോള്‍ കീഴടങ്ങിയാല്‍ മാപ്പ് നല്‍കും, അല്ലാത്തപക്ഷം മരണം മാത്രമായിരിക്കും ഫലം."

അതേസമയം, ട്രംപിന്റെ പ്രഖ്യാപനം വന്ന് മിനിറ്റുകള്‍ക്കുള്ളില്‍ ഖമനയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പുതിയ കുറിപ്പ് പോസ്റ്റ് ചെയ്തു. പേർഷ്യൻ ഭാഷയില്‍ നാമി ഹൈദറിന്റെ നാമത്തില്‍ എന്ന സന്ദേശമാണ് വന്നത്. ഇത് ഖമനയി ജീവിച്ചിരിക്കുന്നതിന്റെ ലക്ഷണമാണോ അതോ മരണശേഷം ഓട്ടോമാറ്റിക്കായി വരാൻ സജ്ജീകരിച്ച 'ഡെഡ് മാൻ സ്വിച്ച്‌' ആണോ എന്ന തർക്കം ആഗോളതലത്തില്‍ സജീവമാണ്.

ഇറാനിലെ ഭരണസിരാകേന്ദ്രത്തിന് നേരെ 30-ഓളം അതിമാരക ബോംബുകളാണ് അമേരിക്കയും ഇസ്രായേലും വർഷിച്ചത്. ഖമനയിയുടെ മൃതദേഹം കണ്ടെടുത്തതായി ഇസ്രായേല്‍ ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോള്‍, ഇതെല്ലാം സയണിസ്റ്റ് കെട്ടുകഥകളാണെന്നും പരമാധികാരി സുരക്ഷിതനാണെന്നുമാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പറയുന്നത്. എന്നാല്‍ ആക്രമണത്തിന് ശേഷം ഖമനയിയുടെയോ ഇറാൻ പ്രസിഡന്റിന്റെയോ തത്സമയ ദൃശ്യങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ഓപ്പറേഷൻ തുടരുന്നതിനിടെ ഗള്‍ഫ് മേഖലയിലെ അമേരിക്കൻ താവളങ്ങള്‍ക്ക് നേരെ ഐആർജിസി പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്.

Previous Post Next Post