അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടി കൂടുതല്‍ ശക്തമാക്കി ഇറാൻ.
ഇസ്രയേല്‍, അമേരിക്ക സംയുക്ത ആക്രമണത്തിനുശേഷം ഇറാൻ ആദ്യഘട്ടത്തില്‍ തിരിച്ചടിച്ചിരുന്നു. ഇതിനുശേഷം ഇപ്പോള്‍ അമേരിക്കയുടെ വിവിധ രാജ്യങ്ങളിലെ സൈനിക താവളങ്ങളടക്കമുള്ള 27 കേന്ദ്രങ്ങളിലേക്കാണ് ഇറാൻ ആക്രമണം നടത്തിയത്. ഖമനെയിയുടെ വധത്തിനുശേഷം ഇതുവരെ കാണാത്ത തിരിച്ചടി നല്‍കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. ഇറാഖ് എര്‍ബിലിലെ യുഎസ് സൈനിക താവളത്തിനുനേരെയും ആക്രമണം ഉണ്ടായി.
ശക്തമായ തിരിച്ചടി നല്‍കാനാണ് ഇറാന്‍റെ ശ്രമം. അതേസമയം, ഇറാനെതിരായ ഇസ്രയേല്‍, അമേരിക്ക ആക്രമണവും തുടരുകയാണ്. വ്യോമാക്രമണത്തിലടക്കം ഇറാന് കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം. അതേസമയം, ഖമനെയിയെ വധിച്ചതില്‍ പ്രതിഷേധിച്ച് ടെഹ്റാനില്‍ വൻ പ്രതിഷേധ റാലി നടന്നു. സ്ത്രീകളടക്കം പങ്കെടുത്ത റാലിയാണ് നടന്നത്. മറ്റു രാജ്യങ്ങളിലും പ്രതിഷേധം നടന്നു. ഇന്ത്യയില്‍ കശ്മീരിലും ഖമനെയിയുടെ മരണത്തില്‍ പ്രതിഷേധ റാലി നടന്നു. ഖമനെയിയുടെ ചിത്രം കയ്യിലേന്തി കശ്മീരില്‍ പ്രതിഷേധം നടന്നു. ഖമനെയിയെ കൊലപ്പെടുത്തിയെങ്കിലും പശ്ചിമേഷ്യയില്‍ സമാധാനം കൈവരിക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
അമേരിക്കൻ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങള്‍ക്കുനേരെ
ആക്രമണം തുടങ്ങിയ ഇറാൻ ഇന്നലെ രാത്രിയില്‍ അത് ജനവാസ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. ദുബായ്, അബുദാബി, കുവൈറ്റ്, ബഹ്‌റൈൻ വിമാനത്താവളങ്ങള്‍ക്കു നേരെ ഇന്നലെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്ക് ഇറാൻ പ്രയോഗിച്ച നിരവധി മിസൈലുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ തകർത്തു. ഗള്‍ഫ് മേഖല കടുത്ത ആശങ്കയിലാണ്. ആക്രമണം ജനജീവിതത്തെ ബാധിച്ചു തുടങ്ങി. ഇതിനിടെ, ഇസ്രായേലിലെ ടെല്‍ അവീവില്‍ ഇറാൻ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ രാജ്യങ്ങളും ഇറാനും ഇസ്രയേലും വ്യോമപാതകള്‍ അടച്ചതോടെ മേഖല നിശ്ചലമായി. പ്രധാന കമ്ബനികള്‍ എല്ലാം വിമാനങ്ങള്‍ പൂർണമായും റദ്ദാക്കി.ആയിരങ്ങള്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഇറാൻ യുഎസിന്‍റെ 27 കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയത്.