ആലപ്പുഴ: എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ. സ്വന്തം തട്ടകമായ ആലപ്പുഴയിൽ നിന്നാവും വേണുഗോപാൽ മത്സരിക്കുക. ഇതിന് ഹൈക്കമാൻഡ് അനുമതി നൽകിയതായുമായാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരോ മണ്ഡലവും കേന്ദ്രീകരിച്ച് വിശദമായി ചർച്ച നടത്തി കനഗോലു നേരത്തെ തന്നെ എഐസിസിക്ക് സമഗ്രമായ റിപ്പോർട്ട് നൽകിയിരുന്നു. ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിച്ചാൽ വലിയ നേട്ടമുണ്ടാകുമെന്നാണ് കനഗോലു റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഐസിസിയുടെ തീരുമാനമെന്നാണ് അറിയുന്നത്.
യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാൽ സംഘടനപരമായി സംസ്ഥാനത്തു നിന്നും നിലവിലുള്ള ഏറ്റവും മുതിർന്ന നേതാവായ വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും എന്ന് തന്നെയാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഏതാണ്ട് ഒരു മാസമായി ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും കെ സി വേണുഗോപാൽ സജീവമാണെന്നതും സ്ഥാനാർഥായാകുമെന്നതിന്റെ സൂചനയാണ് വിലയിരുത്തുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100ലധികം സീറ്റുകൾ നേടി വൻ വിജയം കൈവരിക്കുമെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും വിജയസാധ്യത മാത്രമാണ് പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. എംപിമാർ മത്സരിക്കുന്നതിൽ തീരുമാനം ആയില്ല. പ്രതിപക്ഷനേതാവ് നയിച്ച പുതുയുഗ യാത്ര വലിയ ആവേശമായെന്നും ജനങ്ങൾക്കിടയിലെ പ്രതീക്ഷയെ ശക്തിപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
