പത്തനാപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി കെഎസ് യു നേതാവ്. കുടുംബ വീട്ടിൽ വെച്ച് ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടെന്നും ഭാര്യയെ ഡ്രൈവർ മർദിച്ചെന്നും കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് എം ജെ യദുകൃഷ്ണൻ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടു.
മന്ത്രിയുടെ ഭാര്യയ്ക്ക് പരുക്കേൽക്കുകയും, 112ലേക്ക് വിളിച്ച്, പൊലീസ് എത്തിയിട്ടും ഇടപെടൽ നടത്തുകയോ നടപടിയെടുക്കാനോ തയാറായില്ലെന്നും പോസ്റ്റിൽ പറയുന്നു. പരാതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തായെന്ന് അറിയില്ലെന്നും മന്ത്രിയുടെ വീട്ടിലെത്തിയ പൊലീസിനു ഗണേഷ്‌കുമാറിനെതിരെ വിഡിയോ തെളിവുകൾ കൈമാറിയിട്ടും നടപടിയെടുക്കാത്തതെന്താണെന്നും ഫെയ്‌സ്ബുക് പോസ്റ്റിൽ യദുകൃഷ്ണൻ ചോദിക്കുന്നു. ഈ ആരോപണങ്ങൾ തെറ്റാണെങ്കിൽ മന്ത്രി തനിക്കെതിരെ പൊലീസിൽ പരാതി നൽകണമെന്ന വെല്ലുവിളിയും യദുകൃഷ്ണൻ ഉയർത്തുന്നു.
ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും ഇതിന്റെ ഫോട്ടോ എടുത്ത ഭാര്യയെ ഗണേഷിന്റെ സന്തത സഹചാരികൾ തടഞ്ഞുവെച്ച് മൊബൈൽ ഫോൺ കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും ഇടപെടാതെ പിൻവാങ്ങുകയായിരുന്നുവെന്നും ആരോപണമുണ്ട്. സംഭവ സമയത്ത് ഗണേഷിന്റെ ഭാര്യ മുൻ ഡിജിപി ആർ ശ്രീലേഖയെ വിളിച്ചുവെന്നും പൊലീസിന്റെ സഹായം തേടാൻ പറഞ്ഞത് അവരാണെന്നുമാണ് വിവരം. ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയാണ് ഗണേഷ് കുമാറിന്റെ ഭാര്യ.
കെ ബി ഗണേഷ് കുമാർ സ്വാച്ഛാധിപതിയും അഴിമതിക്കാരനും ആണെന്ന് ആരോപിച്ച് എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനം രാജിവെക്കണം എന്ന ആവശ്യമുന്നയിച്ച് പത്തനാപുരത്തെ നിരവധി നായർ സമുദായാംഗങ്ങൾ രംഗത്തു വന്നിരുന്നു. പദ്മ കഫെ നിർമാണത്തിൽ ഗണേഷ് അഴിമതി നടത്തി എന്ന ആരോപണവും ഉയരുന്നുണ്ട്.
