ശിവഗംഗയില്‍ അടിപിടിക്കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.
പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു. ശിവഗംഗ ജില്ലയിലെ മാനാമധുര സ്വദേശിയായ ആകാശ് (26) ആണ് ഞായറാഴ്ച മരണപ്പെട്ടത്.
രണ്ട് പേരെ മാരകായുധങ്ങളുമായി ആക്രമിച്ചു പരിക്കേല്‍പ്പിച്ചെന്ന കേസില്‍ രണ്ട് ദിവസം മുമ്പാണ് ആകാശും സുഹൃത്തായ ഗുണയും പൊലീസ് പിടിയിലാകുന്നത്. എന്നാല്‍, കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണാണ് ആകാശിന് പരിക്കേറ്റതെന്നാണ് പൊലീസ് വാദിക്കുന്നത്.
ആകാശിനെ ആദ്യം ശിവഗംഗ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്‍ നില വഷളായതിനെത്തുടര്‍ന്ന് മധുരയിലെ ഗവണ്‍മെന്റ് രാജാജി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആകാശിന്റെ ശരീരത്തില്‍ ഒന്നിലധികം പൊട്ടലുകള്‍ ഉണ്ടായിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രാഥമിക നിഗമനം അനുസരിച്ച് 'ഫാറ്റ് എംബോളിസം' ആണ് മരണകാരണമെങ്കിലും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൃത്യമായ വിവരം ലഭ്യമാകൂ.
യുവാവിന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് കുടുംബാംഗങ്ങളും ബന്ധുക്കളും മാനാമധുരയില്‍ റോഡ് ഉപരോധിച്ചു. തമിഴ്നാട്ടില്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 26-ാമത്തെ കസ്റ്റഡി മരണമാണിതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഹെന്റി ടിഫാഗ്നെ പറഞ്ഞു. പട്ടികജാതിക്കാരും പിന്നാക്ക വിഭാഗക്കാരും പൊലീസിന്റെ അതിക്രമങ്ങള്‍ക്ക് നിരന്തരം ഇരയാകുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.