സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നേതൃത്വത്തോട് ഇടഞ്ഞ് നാട്ടിലേക്ക് തിരിച്ച കെ സുധാകരൻ്റെ വീട്ടിലേക്ക് ഒഴുകിയെത്തി അനുനായികള്‍.
സുധാകരപക്ഷത്തുള്ള അനുയായികളോട് എത്താൻ ആഹ്വാനം ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് വീട്ടിലേക്ക് പാർട്ടി പ്രവർത്തകർ എത്തിത്തുടങ്ങിയത്. ദില്ലിയിലെ യോഗത്തില്‍ പങ്കെടുക്കാതെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു കെ സുധാകരൻ. എംപി സ്ഥാനമൊഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കണമെന്നാണ് സുധാകരൻ്റെ ആവശ്യം. എന്നാല്‍ ഒരാള്‍ക്ക് അനുമതി നല്‍കിയാല്‍ മറ്റു അഞ്ചു എംപിമാരും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുണ്ട് എന്നതാണ് നേതൃത്വത്തിൻ്റെ വെല്ലുവിളി. അതേസമയം, സുധാകരൻ്റെ നീക്കത്തില്‍ ഞെട്ടലിലാണ് കോണ്‍ഗ്രസ്. മുതിർന്ന നേതാവിൻ്റെ നീക്കത്തില്‍ കടുത്ത അതൃപ്തിയിലാണ് എഐസിസി നേതൃത്വം.
സുധാകരൻ പാർട്ടി തീരുമാനത്തിന് വഴങ്ങാത്തതില്‍ അതൃപ്‌തിയിലാണ് നേതൃത്വം. അസമിലെയും, കേരളത്തിലെയും സാഹചര്യം താരതമ്യം ചെയ്യരുതെന്നും നേതൃത്വം പറയുന്നു. ഗൗരവ്ഗോഗോയ് എംപിക്ക് നിയമസഭ തെരഞ്ഞെുപ്പില്‍ മത്സരിക്കാൻ അനുമതി നല്‍കിയിരുന്നു. ഇക്കാര്യവും ചൂണ്ടിക്കാട്ടിയാണ് സുധാകരൻ്റെ ആവശ്യമെന്നാണ് സൂചന. കെ സുധാകരനെ സ്ഥാനാർഥിയായി ഹൈക്കമാന്റ് പ്രഖ്യാപിച്ചാല്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പ്രതികരിച്ചു. കെ സുധാകരൻ കണ്ണൂരിന്റെ ഹൃദയരക്തം തന്നെയാണ്. ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. കെ സുധാകരൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ചിട്ടില്ലെന്നും സുധാകരൻ കരുത്തനായ നേതാവ് തന്നെയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സുധാകരൻ്റെ വീട്ടില്‍ എപ്പോഴും ആള്‍ക്കൂട്ടമുണ്ടാകുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.