ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷങ്ങലുടെ പശ്ചാത്തലത്തിൽ ഒമാൻ ഉൾക്കടലിൽ ഇന്ത്യ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം വർധിപ്പിക്കുന്നു. സൈനിക സംഘർഷങ്ങളുടെ കേന്ദ്രമായ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് സുരക്ഷ ഒരുക്കാനാണ് നീക്കം. ഹോർമുസ് കടലിടുക്കിന്റെ ദക്ഷിണഭാഗത്തുള്ള ഒമാൻ തീരക്കടലിലാണ് ഇന്ത്യൻ യുദ്ധക്കപ്പൽ വിന്യസിക്കുക. ഇന്ത്യൻ പതാകവഹിക്കുന്ന കൂടുതൽ ഇന്ധന കപ്പലുകളെ ഇതുവഴി കടന്നുപോകാൻ ഇറാൻ അനുവദിച്ചേക്കുമെന്ന പ്രതീക്ഷയാണ് നാവികസേനയുടെ പുതിയ നീക്കത്തിന് പിന്നിൽ.
മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകൾ നിലവിൽ ഒമാൻ ഉൾക്കടലിന്റെ കിഴക്ക് ഭാഗത്തായി നിലയുറപ്പിച്ചിട്ടുണ്ട്. ഇവയുടെ നിരീക്ഷണത്തിലാണ് ഇന്ധന വാഹിനി കപ്പലുകൾ ഇന്ത്യയിലേക്ക് യാത്ര നടത്തിയിരുന്നത്. കൂടുതൽ കപ്പലുകളെത്തുന്നതോടെ മേഖലയിലെ ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ ഏഴായി ഉയരും.
കഴിഞ്ഞയാഴ്ച ഹോർമുസ് കടലിടുക്ക് വഴി 92,712 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക്, നന്ദ ദേവി കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയിരുന്നു. മേഖലയിലെ ഇന്ത്യൻ നാവികസേനയുടെ 'ഓപ്പറേഷൻ സങ്കൽപ്പ്' എന്ന ദൗത്യത്തിലൂടെയാണ് കപ്പലുകൾ എത്തിച്ചത്. ഇതിന് പുറമെ യുഎഇയിലെ ഫുജൈറ തുറമുഖത്ത് നിന്ന് പുറപ്പെട്ട എണ്ണ ടാങ്കറിനും ഒമാൻ ഉൾക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പൽ അകമ്പടി നൽകിയിരുന്നു.
ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിൽ സാഹചര്യങ്ങൾ രൂക്ഷമായതോടെയാണ് ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം പ്രതിസന്ധിയിലായത്. ആഗോള അസംസ്‌കൃത വസ്തുക്കളുടെ 20% വിതരണം നടക്കുന്ന പാതയിലുണ്ടായ പ്രതിസന്ധി എണ്ണ വിലയെ ഉൾപ്പെടെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയുടെ പതാക വഹിക്കുന്ന ഇരുപത്തിരണ്ട് കപ്പലുകൾ ഹോർമൂസ് കടലിടുക്കിന് പടിഞ്ഞാറ് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഷിപ്പ്ങ് മന്ത്രാലയത്തിന്റെ കണക്കുകൾ.
