പാലക്കാട്: പാലക്കാട്ടെ സിപിഎം വിമത കൺവെൻഷൻ മുൻ എംഎൽഎ പി കെ ശശി ഉദ്ഘാടനം ചെയ്തു. ഇത് വിമത കൺവെൻഷനല്ല, വിപ്ലവകാരികളുടെ കൺവെൻഷനാണെന്ന് പി കെ ശശി പറഞ്ഞു. ഞങ്ങളെ ഇതിലേക്ക് എത്തിച്ചതാണ്. മദ്യപാന സദസ്സിൽ സെക്രട്ടറിയെ തീരുമാനിക്കുന്ന അവസ്ഥയാണ് സിപിഎമ്മിലുള്ളതെന്ന് പി കെ ശശി പറഞ്ഞു. ജില്ലയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ, അർപ്പണബുദ്ധിയോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നയിക്കാൻ ത്രാണിയുള്ള ഒരു പടയുടെ മുഖം കാണണമെങ്കിൽ ഈ കൺവെൻഷനിലേക്ക് നോക്കണമെന്നും പി കെ ശശി പറഞ്ഞു.
വിമതരുടെ കൂട്ടായ്മയല്ല, ഉശിര് പണയം വെക്കാത്ത, ആത്മാഭിമാനവും അന്തസ്സും ഉയർത്തിപ്പിടിക്കുന്ന, അനേകായിരങ്ങളുടെ ജീവരക്തം കൊണ്ട് നിറം പകർന്ന ചെങ്കൊടി ഉയർത്തിപ്പിടിച്ചുകൊണ്ട് ഇങ്കിലാബിന്റെ ശബ്ദം ഇടിമുഴക്കമായി ഏറ്റുവാങ്ങുന്ന വിപ്ലവകാരികളുടെ കൺവെൻഷനാണ്. ഇത് കമ്യൂണിസ്റ്റുകാരുടെ കൺവെൻഷനാണ്. അല്ലാതെ വിമതന്മാരുടെ കൺവെൻഷനല്ല. പി കെ ശശി പറഞ്ഞു. വിമതന്മാരുടെ കൺവെൻഷനാണെന്ന് വരുത്തിത്തീർക്കാൻ ചില ആളുകൾ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങള് ആഗ്രഹിച്ചതുകൊണ്ടല്ല ഇവിടേക്ക് എത്തിയത്. ഞങ്ങളെ നിർബന്ധിതരാക്കിയ സാഹചര്യം പാലക്കാട് ജില്ലയിൽ നിലനിൽക്കുന്നു എന്നതുകൊണ്ടാണ്. കഴിഞ്ഞ 5 കൊല്ലക്കാലം കൊണ്ട് കേരളത്തിലെ ഭരണത്തിന്റെ സൗകര്യം ഉപയോഗപ്പെടുത്തി പാലക്കാട്ടെ സിപിഎമ്മിലെ പല നേതാക്കളും നടത്തിയ തോന്നിവാസങ്ങൾ ഒരിക്കലും നീതീകരിക്കാൻ സാധിക്കുന്നതല്ല. കള്ളുകുടിച്ചുകൊണ്ടിരിക്കുന്നതിനിടെ, നിന്നെ ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയാക്കാം എന്നു തീരുമാനിക്കുന്ന അവസ്ഥയിലേക്ക് സിപിഎം എത്തിയിരിക്കുന്നു.
അഴിമതി, സ്പിരിറ്റ് കച്ചവടം എന്നിവയെല്ലാം ഭരണത്തിന്റെ മറവിൽ നടത്തുന്നു. ഉത്തരവാദപ്പെട്ട പാർട്ടി സ്ഥാനത്തിരിക്കുന്ന ഒരാൾ സ്പിരിറ്റ് കേസിലെ ഒന്നാം പ്രതിയാണ്. ഈ അനീതിക്കും അധാർമ്മികതയ്ക്കുമെതിരെ പാർട്ടിക്ക് അകത്തു നിന്നും ശബ്ദം ഉയർത്തിയവർ, അതിന് അച്ചടക്ക നടപടിക്ക് വിധേയരായവർ, തരംതാഴ്ത്തപ്പെട്ടവർ, പുറത്താക്കപ്പെട്ടവർ, ജോലികളിൽ നിന്നും പുറത്താക്കപ്പെട്ടവർ.... അവരുടെയെല്ലാം രോഷപ്രകടനമാണ് ഈ കൺവെൻഷൻ. അധികാരം ഉപയോഗിച്ച് എന്തൊക്കെ തോന്നിവാസങ്ങളാണ് സിപിഎം നേതാക്കൾ ജില്ലയിൽ നടത്തിയിട്ടുള്ളതെന്ന് പി കെ ശശി ചോദിച്ചു.
പണപ്പിരിവിന് ഒരു കുറവുമില്ല. കമ്യൂണിസ്റ്റ് പാർട്ടിയിൽ ഇത്രയേറെ പണപ്പിരിവ് ഉണ്ടായ കാലമില്ല. എത്രയോ മഹാന്മാർ ഇരുന്ന കസേരയാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ കസേര. ഇ കെ ഇമ്പിച്ചി ബാവ, പിപി കൃഷ്ണൻ, വി ശിവദാസമേനോൻ തുടങ്ങിയ നിരവധി ജനകീയ നേതാക്കന്മാർ ഇരുന്ന കസേരയിലാണ് ഇപ്പോൾ ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരിക്കുന്നത്. കേട്ടാൽ ഞെട്ടുന്ന ചരിത്രമുള്ളയാളാണ്. അതിനെ ചോദ്യം ചെയ്യേണ്ടതല്ലേയെന്ന് പി കെ ശശി ചോദിച്ചു. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനോടുള്ള വിരോധം മൂലം പലരും പാർട്ടി വിരുദ്ധരായി. ഇത്രയേറെ പ്രവർത്തകരുടെ വിരോധം നേടിയ പാർട്ടി സെക്രട്ടറി വേറെയില്ലെന്നും പി കെ ശശി പറഞ്ഞു.
നൂറുകണക്കിന് ആളുകളാണ് പി കെ ശശിയെ മുദ്രാവാക്യം വിളിച്ച് വരവേറ്റത്. റെഡ് വളണ്ടിയർമാരുടെ വേഷം അണിഞ്ഞവരും കൺവെൻഷനിലുണ്ടായിരുന്നു. പാർവതി കല്യാണ മണ്ഡലത്തിൽ നടന്ന വിമത കൺവെൻഷനിൽ ചിറ്റൂർ, മണ്ണാർക്കാട് തുടങ്ങിയ മേഖലകളിൽ നിന്നുള്ള സിപിഎം മുൻ പ്രവർത്തകരാണ് പങ്കെടുക്കുന്നത്. കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രണ്ട്, വോയ്‌സ് ഓഫ് വടക്കാഞ്ചേരി, മണ്ണാർക്കാട്ടെ ജനകീയ മതേതര മുന്നണി തുടങ്ങിയ വിമത കൂട്ടായ്മകൾ വിമത കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.
