വെള്ളാപ്പള്ളി നടേശന് ആശ്വാസം; അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ


 

കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി പദവിയിൽ നിന്നും വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തത്. അപ്പീലിൽ അന്തിമ ഉത്തരവിന് വിധേയമായിട്ടായിരിക്കും സ്‌റ്റേ എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.


കമ്പനി നിയമത്തിന്റെ ലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്, വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് അയോഗ്യരാക്കിയത്. മകനും എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി, എസ്എൻഡിപി യോഗം പ്രസിഡന്റ് എംഎൻ സോമൻ, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവരെയാണ് ഭാരവാഹിത്വത്തിൽ നിന്നും സിംഗിൾ ബെഞ്ച് അയോഗ്യരാക്കിയത്.


ഇതിനെതിരെയാണ് വെള്ളാപ്പള്ളി നടേശനും കൂട്ടരും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. കേസിൽ എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മൂന്നു മാസത്തിനകം മറുപടി സമർപ്പിക്കാനാണ് നിർദേശം. ജൂൺ 20 ന് അപ്പീലിൽ വിശദമായ വാദം കേൾക്കുമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അറിയിച്ചു. അന്തരിച്ച പ്രൊഫ. എം കെ സാനു അടക്കമുള്ളവർ സമർപ്പിച്ച ഹർജിയിലാണ് വെള്ളാപ്പള്ളി നടേശനെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയത്.


അപ്പീൽ പരിഗണിക്കവെ, വെള്ളാപ്പള്ളി നടേശനെതിരെ ഹൈക്കോടതി ചില നിരീക്ഷണങ്ങളും നടത്തി. എസ്എൻഡിപിയോഗത്തിന്റെ വാർഷിക ജനറൽ ബോഡി വെള്ളാപ്പള്ളി നടേശൻ ഏഴുവർഷം വിളിച്ചു ചേർത്തില്ല. ഇനി ഇങ്ങനെ മുന്നോട്ടു പോകാനാകില്ല. മൂന്നു വർഷത്തെ റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ അയോഗ്യത സ്വാഭാവികമല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. സ്വാഭാവിക അയോഗ്യത പ്രകാരം 2020 മുതൽ ഡയറക്ടർമാരായി തുടരാനാകില്ലല്ലോ?. 2026ലെ തെരഞ്ഞെടുപ്പിലല്ലേ മത്സരിക്കാനാകൂ എന്നും കോടതി ചോദിച്ചിരുന്നു.

Previous Post Next Post