ദുബായ് വിമാനത്താവളത്തിന് നേരെ ഇറാൻ്റെ ആക്രമണം, ജീവനക്കാര്‍ക്ക് പരിക്കേറ്റു; യാത്രക്കാരെ ഒഴിപ്പിച്ചു

പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നു. ദുബായ് വിമാനത്താവളത്തിന് നേരെ നടന്ന ഇറാൻ്റെ ആക്രമണത്തില്‍ വിമാനത്താവളത്തില്‍ നേരിയ നാശനഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന വിവരം.

വിമാനത്താവളത്തിലെ നാല് ജീവനക്കാർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. അതേസമയം യുഎഇയില്‍ ഇറാൻ അതിശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. 137 മിസൈലുകളും 209 ഡ്രോണുകളും ഇതുവരെ ഇറാൻ യുഎഇക്ക് നേരെ തൊടുത്തുവിട്ടതായാണ് പുറത്തുവരുന്ന വിവരം. ഇതില്‍ 14 ഡ്രോണുകളാണ് യുഎഇയില്‍ പലയിടത്തായി പതിച്ചത്.

അതേസമയം ഇറാൻ്റെ ആക്രമണത്തില്‍ ഇതുവരെ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് അമേരിക്കൻ സെൻട്രല്‍ കമ്മാൻഡ് അറിയിക്കുന്നത്. എന്നാല്‍ ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 200 ലേറെ പേർ കൊല്ലപ്പെടുകയും 750 ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയി കൊല്ലപ്പെട്ടെന്ന് ഇസ്രായേലും അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപും അവകാശപ്പെട്ടു. എന്നാല്‍ ഖമനെയി കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇറാനും പ്രതികരിച്ചു. ഈ സംഭവങ്ങള്‍ക്കിടെ ഖമനെയിയുടെ എക്സ് ഹാൻഡിലില്‍ നിന്നും പുതിയ പോസ്റ്റ് പുറത്ത് വന്നു. ഇമാം അലിയുടെ നാമത്തില്‍ എന്ന പേരിലാണ് പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
Previous Post Next Post