ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: മിഡില്‍ ഈസ്റ്റിലേയ്ക്കുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും



ന്യൂഡൽഹി: ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിലേയ്ക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ. പശ്ചിമേഷ്യയിലേയ്ക്കുള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കുമുള്ള എയർ ഇന്ത്യ ഫ്‌ളൈറ്റുകളും റദ്ദാക്കി. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന കണക്കിലെടുത്താണ് തീരുമാനമെന്നും എയർ ഇന്ത്യയും ഇൻഡിഗോയും അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അതിനനുസരിച്ച് വിമാന സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. യാത്രക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ വ്യക്തമാക്കി.


മധ്യപൂർവദേശത്തേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും അർധരാത്രി വരെയാണ് ഇൻഡിഗോ റദ്ദാക്കിയിരിക്കുന്നത്. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷം തടസങ്ങൾ പരമാവധി കുറയ്ക്കുന്നതിനായി സർവീസുകൾ പുനഃക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഇൻഡിഗോ വ്യക്തമാക്കി.


ഇസ്രയേലിലുള്ള ഇന്ത്യൻ പൗരൻമാർ അതീവ ജാഗ്രത പാലിക്കണമെന്നാണ് ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ് നൽകി. അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കൃത്യമായ പാലിക്കണമെന്നും എംബസി നിർദേശം നൽകി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാവരും ഷെൽട്ടറിൽ തന്നെ തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും എംബസി നിർദേശിച്ചു. അടിയന്തര സാഹചര്യം ഉണ്ടായാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ വഴി ടെൽ അവീവിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം. ടെലിഫോൺ: +972-54-7520711, ഇ-മെയിൽ: cons1.telaviv@mea.gov.in


ഇറാനിലെ എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരണമെന്നും ടെഹ്റാനിലെ ഇന്ത്യൻ എംബസിയും നിർദ്ദേശിച്ചിട്ടുണ്ട്. വാർത്തകൾ സൂക്ഷ്മമായി നിരീക്ഷിക്കാനും എംബസി പുറപ്പെടുവിക്കുന്ന കൂടുതൽ മാർഗനിർദേശങ്ങൾ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ, ഇന്ത്യക്കാർക്ക് എംബസിയുമായി ബന്ധപ്പെടാം: +989128109115, +989128109109, +989128109102, +989932179359.


സംഘർഷസാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം കേരളീയർക്കായി നോർക്ക റൂട്ട്‌സ് ഹെൽപ്പ്‌ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. സഹായം ആവശ്യമുളള കേരളീയർക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിലെ ഹെൽപ് ഡെസ്‌ക് നമ്പറുകളായ +91-8802012345 (രാജ്യാന്തര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയിൽ നിന്നും) എന്നിവയിൽ ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യാവുന്നതാണ്. ഇന്ത്യൻ പൗരന്മാർ അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണെന്ന് നോർക്ക അറിയിച്ചു.

Previous Post Next Post