യുഎസ് ടോര്‍പ്പിഡോ ആക്രമണം: ഇറാൻ യുദ്ധക്കപ്പലില്‍ നിന്ന് 87 മൃതദേഹങ്ങള്‍ കണ്ടെത്തി, 32 പേരെ രക്ഷപ്പെടുത്തി ലങ്കൻ നാവികസേന

ശ്രീലങ്കൻ തീരത്ത് അമേരിക്ക മുക്കിയ ഇറാൻ യുദ്ധക്കപ്പലില്‍ നിന്ന് 87 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 32 പേരെയാണ് ലങ്കൻ നാവികസേന രക്ഷിച്ചത്.

അമേരിക്കൻ സൈനിക അന്തർവാഹിനിയില്‍നിന്നുള്ള ടോർപിഡോ ആണ് ഐആർഐഎസ് ദേനയെ തകർത്തത്. വിശാഖപട്ടണത്ത് നടന്ന സൈനിക ആഭ്യാസത്തിനു ശേഷം മടങ്ങിയ കപ്പല്‍ തകർത്തതില്‍ ഇതുവരെയും ഇന്ത്യ പ്രതികരിച്ചിട്ടില്ല.

അതേസമയം, ഡൊണാള്‍ഡ് ട്രംപിന്റെ യുദ്ധാധികാരങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പ്രമേയം അമേരിക്കൻ സെനറ്റ് വോട്ടിനിട്ട് തള്ളി. ഗള്‍ഫ് മേഖലയിലേക്ക് ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ആക്രമണം ആറാം ദിവസവും തുടരുകയാണ്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പല്‍ ഐറിസ് ദേനയാണ് അന്തർവാഹിനി ആക്രമണത്തില്‍ തകർന്നത്. ശ്രീലങ്കൻ തീരത്തിനരികെ വരെ സംഘർഷം വ്യാപിച്ചതില്‍ നിരവധി ശ്രീലങ്കൻ നേതാക്കള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അതേസമയം, അമേരിക്കൻ സൈന്യം ഇന്ത്യൻ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നു എന്ന വാർത്തകള്‍ വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കി.

1945ല്‍ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പല്‍ തകർക്കുന്നത്. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരുന്നു ഐറിസ് ദേന. ബുധനാഴ്ച ശ്രീലങ്കയുടെ തെക്കൻ തീരത്ത് വെച്ചാണ് 180 പേരടങ്ങുന്ന ഒരു ഇറാനിയൻ നാവിക കപ്പലിന് നേരെ യുഎസ് ടോർപ്പിഡോ അറ്റാക്ക് നടത്തിയത്. കപ്പല്‍ കടലില്‍ മുങ്ങിയതായും 32 പേരെ രക്ഷപ്പെടുത്തിയതായും വാർത്താ ഏജൻസിയായ റോയിട്ടേഴസ് റിപ്പോർട്ട് ചെയ്തിരുന്നു.

പ്രതികരിക്കാതെ ഇന്ത്യ

ശ്രീലങ്കൻ തീരത്ത് കപ്പല്‍ തകർത്ത വിഷയം പരിശോധിച്ചു വരികയാണെന്ന് സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യൻ സമുദ്ര മേഖല പിന്നിട്ട ശേഷമാണ് ആക്രമണം നടന്നത്. എല്ലാ വശവും നോക്കി മാത്രമായിരിക്കും ഇന്ത്യയുടെ പ്രതികരണം. ഇന്ത്യയുടെ ക്ഷണപ്രകാരം എത്തിയ കപ്പലിനെ ആക്രമിച്ചതില്‍ പ്രതിഷേധം അറിയിക്കണമെന്ന് ചില പ്രതിരോധ വിദഗ്ധർ ആവശ്യപ്പെട്ടു. അതേസമയം, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ സൗദി വിദേശകാര്യമന്ത്രിയെ വിളിക്കുകയായിരുന്നു എന്ന് സൗദി അറേബ്യ വ്യക്തമാക്കി. സംഭാഷണത്തെക്കുറിച്ച്‌ ഇന്ത്യ പ്രതികരിച്ചിട്ടില്ല.

Previous Post Next Post