ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനായി കോഴ വാങ്ങിയെന്ന ആരോപണം പുതിയ വഴിത്തിരിവിലേക്ക്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കെതിരെ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഹരിയാന മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുചിത്രാദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നാണ് റിപ്പോര്‍ട്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനായി തന്നില്‍ നിന്ന് ഇവര്‍ പണം കൈപ്പറ്റിയതായി പരാതിയില്‍ പറയുന്നു. എഐസിസി ജനറല്‍ സെക്രട്ടറിയും എംപിയുമായ കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി, പ്രിയങ്ക ഗാന്ധിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഷഹാബ് അഹമ്മദ് ഖാന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍, ഡല്‍ഹി നോര്‍ത്ത് അവന്യൂ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കെസി വേണുഗോപാലിന്റെ സന്തതസഹചാരിയായ അനസ് അലിക്കെതിരെയും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്.
സുചിത്രയും ഭര്‍ത്താവ് ഗൗരവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി മൊഴി നല്‍കുകയും തെളിവുകള്‍ സമര്‍പ്പിച്ചതിന്റെയും അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഇട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പാക്കാന്‍ ഏഴ് കോടി രൂപ നേതാക്കള്‍ക്ക് നല്‍കിയെന്നാണ് പ്രധാന ആരോപണം.
പണം നല്‍കിയതിന്റെ കൃത്യമായ രേഖകള്‍ തന്റെ കൈവശം ഉണ്ടെന്ന് ഗൗരവ് കുമാര്‍ പറയുന്നു. ആരോപണം തെളിയിക്കപ്പെട്ടാല്‍ കോണ്‍ഗ്രസിന്റെയും നേതാക്കളുടെയും വിശ്വാസ്യത തകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിലവില്‍ പേര് വെളിപ്പെടുത്തിയവര്‍ക്ക് പുറമെ മൂന്ന് എംപിമാര്‍ക്ക് കൂടി ഇതില്‍ പങ്കുണ്ടെന്നും പണം തിരികെ നല്‍കിയില്ലെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്നും ഗൗരവ് കുമാര്‍ പറഞ്ഞു.
അതേസമയം, ആരോപണങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായി തള്ളി. ആരോപണം അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഒരുവര്‍ഷം മുന്‍പ് നടന്നുവെന്ന് പറയുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഉന്നയിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം മറ്റൊന്നാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സുതാര്യമായ അന്വേഷണം നടക്കുമെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ സുതാര്യതയും ഉത്തരവാദിത്തവും ചര്‍ച്ചയാകുന്ന ഈ സാഹചര്യത്തില്‍, ഈ കേസ് വരും ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.