ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ പന്ത്രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
വരും ദിവസങ്ങളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കൊല്ലം, പാലക്കാട് ജില്ലകളില്‍ ചൂട് 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളില്‍ 36 ഡിഗ്രി വരെയുമാണ് താപനില ഉയരാൻ സാധ്യത കല്പിക്കുന്നത്.
ഈ സീസണിലെ ഏറ്റവും ഉയർന്ന ചൂടാണ് കഴിഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയത്. 39.8 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നതോടെ ജില്ലയില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പുനലൂരിലും സമാനമായ രീതിയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തി. ചൂട് വർധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവിഭാഗം നിർദ്ദേശിക്കുന്നുണ്ട്.