അര്‍ജുൻ വീട്ടില്‍ നിന്നിറങ്ങിയത് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ്, മൊബൈല്‍ നോക്കിയ ശേഷം അസ്വസ്ഥനാകുന്നത് സിസിടിവിയില്‍ വ്യക്തം; ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക്.


കൊച്ചി  :ടർഫില്‍ കളിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വിദ്യാർഥിയെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു.

ഞാറയ്ക്കല്‍ പെരുമ്പിള്ളി കമ്മട്ടിക്കാട് അജിതിന്‍റെ മകൻ അർജുൻ കുമാർ (17) ആണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഓണ്‍ലൈൻ ഗെയിമിലെ ഏതെങ്കിലും ടാസ്കിന്റെ ഭാഗമായിട്ടാകാമോ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നു.എന്നാല്‍ സ്വന്തമായി ബാങ്ക് അക്കൗണ്ടോ ഗൂഗിള്‍ പേയോ ഇല്ലാത്തതിനാല്‍ അത്തരത്തിലുള്ള ഗെയിമുകളില്‍ കുട്ടി ഏർപ്പെട്ടിരിക്കാൻ സാധ്യത ഇല്ലെന്നാണ് കുടുംബം പറയുന്നത്.

മൊബൈല്‍ ഫോണ്‍ പരിശോധിച്ച ശേഷം അർജുൻ കുമാർ അസ്വസ്ഥനാകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടതായി ബന്ധുക്കള്‍ പറഞ്ഞു. കളമശ്ശേരി ഗവ. പോളിടെക്നിക് വിദ്യാർഥിയായ അർജുൻകുമാറിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും കുടുംബം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടായിരുന്നോയെന്ന സംശയവും ബന്ധുക്കള്‍ ഉയർത്തുന്നു.

ഫെബ്രുവരി 19ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനിരിക്കെ ഇപ്പോള്‍ തിരിച്ചെത്താം എന്ന് പറഞ്ഞാണ് അർജുൻകുമാർ വീട്ടില്‍ നിന്നിറങ്ങിയത്. വൈകിട്ടായിട്ടും മടങ്ങിയെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ മാലിപ്പുറം ചാപ്പക്കടപ്പുറത്ത് ഒറ്റയ്ക്ക് നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. തുടർന്ന് വെള്ളിയാഴ്ച വൈകീട്ടോടെ എളങ്കുന്നപ്പുഴ കടപ്പുറത്താണ് മൃതദേഹം കണ്ടെത്തിയത്. അർജുൻ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അർജുൻകുമാറിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോറൻസിക് പരിശോധനാഫലം ലഭിക്കുന്നതുവരെ കൂടുതല്‍ നിഗമനങ്ങളില്‍ എത്താൻ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച ഉച്ചയോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം സംസ്കരിച്ചു.

Previous Post Next Post