വിഡി സതീശന് മുൻപേ പ്രസംഗിക്കാൻ വിളിച്ചില്ല; അതൃപ്തി പ്രകടിപ്പിച്ച് ഷാഫി പറമ്പിൽ; പുതുയുഗ യാത്രാവേദിയിൽ ഉന്തും തള്ളും


 

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണ വേദിയിൽ ഉന്തും തള്ളും. സ്വാഗത പ്രസംഗകനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ജാഥാ ക്യാപ്റ്റൻ വിഡി സതീശനെ സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തർക്കം തുടങ്ങിയത്. പുതുയുഗയാത്രക്ക് കുറ്റ്യാടിയിൽ നൽകിയ സ്വീകരണത്തിനിടെയാണ് സംഭവം. സംസാരിക്കാൻ വിളിക്കാൻ വൈകിയതാണ് ഷാഫിയെ ചൊടിപ്പിച്ചത്.


വിഡി സതീശൻ സംസാരിക്കുന്നതിന് മുൻപ് വിളിക്കാത്തതിൽ ഡിസിസി സെക്രട്ടറിയോട് ഷാഫി തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സതീശൻ സംസാരിച്ചതിന് ശേഷം എംപിയെ ക്ഷണിക്കാൻ സ്വാഗത പ്രസംഗകൻ എത്തുമ്പോൾ ഷാഫി തടഞ്ഞു. എന്നാൽ ബലമായി അദ്ദേഹം മൈക്കിന് മുന്നിലെത്തി ഷാഫിയെ സംസാരിക്കാൻ ക്ഷണിച്ചു. ഇതിനിടെ സമീപത്ത് നിന്ന മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീണു. അധികമൊന്നും സംസാരിക്കാനില്ലെന്ന് പറഞ്ഞ ഷാഫി, 100 സീറ്റ് എണ്ണുമ്പോൾ അതിൽ കുറ്റ്യാടിയുമുണ്ടാകുമെന്ന് പറഞ്ഞു.


എന്നാൽ പ്രസംഗിക്കാൻ വൈകി വിളിച്ചതുകൊണ്ട് ഷാഫി നീരസം പ്രകടിപ്പിച്ചിട്ടില്ലെന്ന് ഡിസിസി സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. സമയം വൈകിയതിനാലാണ് ജാഥാ ക്യാപ്്റ്റൻ എത്തിയപ്പോൾ വിഡി സതീശനെ പ്രസംഗിക്കാൻ വിളിച്ചത്. എല്ലായിടത്തെ പരിപാടിയിലും ജാഥ ക്യാപ്റ്റൻ എത്തിയാൽ അദ്ദേഹം സംസാരിച്ചിട്ട് മറ്റൊരാൾ സംസാരിക്കുകയെന്നതാണ് രീതി. ഇവിടെ ആദ്യം മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ എംകെ രാഘവൻ സംസാരിച്ചു. അടുത്തത് പ്രസംഗിക്കേണ്ടത് ഷാഫിയായിരുന്നു. എന്നാൽ അപ്പോഴെക്കും ജാഥാ ക്യാപ്റ്റൻ വേദിയിലെത്തുകയും ചെയ്‌തെന്ന് ഡിസിസി സെക്രട്ടറി പറഞ്ഞു.

Previous Post Next Post