ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂജപ്പുര ജയിലില്‍ നിന്നാണ് തന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സെല്‍റൂമിലേക്കാണ് മാറ്റിയത്. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെടുന്നതായി തന്ത്രി ജയില്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായുരുന്നു. ഇതേ തുടര്‍ന്നാണ് തന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. നാളെ ആഞ്ചിയോഗ്രാം ചെയ്യും. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഒരു കേസില്‍ തന്ത്രിയുടെ ജാമ്യാപേക്ഷ നാളെ കൊല്ലം വിജിലന്‍സ് കോടതി പരിഗണിക്കുന്നുണ്ട്.
വിശദമായ പരിശോധനകള്‍ക്കായാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പരിശോധനകള്‍ നാളെ നടക്കുമെന്നതിനാല്‍ രാജീവര് ഇന്ന് ആശുപത്രിയിലെ ജയില്‍ സെല്ലില്‍ തുടരും.
റിമാന്‍ഡിലായതിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നും തന്ത്രിയെ മുന്‍പും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.