തിരുവനന്തപുരം: ശബരി റെയിൽപാതക്കായി ചെലവാകുന്ന തുകയുടെ പകുതി സംസ്ഥാന സർക്കാർ വഹിക്കാൻ മന്ത്രി സഭ യോഗത്തിൽ തീരുമാനം. 1900 കോടി രൂപയാണ് കിഫ്ബി വഴി സർക്കാർ വഹിക്കുക. പദ്ധതി മരവിപ്പിച്ച തീരുമാനം കേന്ദ്ര സർക്കാർ റദ്ദാക്കിയ സാഹചര്യത്തിലാണു നടപടി.
നേരത്തെ ശബരി റെയിൽ തിരുവനന്തപുരത്തേക്കു നീട്ടുന്നതിനെ കുറിച്ചു പഠിക്കാൻ 2 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പദ്ധതിയുടെ പകുതി തുകയും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. തീരുമാനം കേന്ദ്ര റെയിൽവേ മന്ത്രാലയത്തെ അറിയിക്കാനും മന്ത്രി സഭ യോഗത്തിൽ തീരുമാനമായി.
111 കിലോമീറ്റർ ദൂരമുള്ള അങ്കമാലി എരുമേലി ശബരിപാത 1997ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ചത്. മൂന്നു പതിറ്റാണ്ടോട് അടുക്കുമ്പോഴും ആകെ പൂർത്തിയായത് അങ്കമാലിയിൽനിന്നു കാലടിവരെ എട്ടു കിലോമീറ്റർ മാത്രമാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള അയ്യപ്പഭക്തർക്കു ശബരിമലയിലേക്കുള്ള യാത്രയ്ക്കും നാടിന്റെ വികസനത്തിനും പ്രയോജനപ്പെടുമായിരുന്ന പാതയുടെ നിർമാണം നിലച്ച ഘട്ടത്തിലാണ് പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.
3810 കോടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ്. 6 കിലോമീറ്റർ ദൂരത്തിൽ നിർദിഷ്ട രാമപുരം റെയിൽവേ സ്റ്റേഷൻ വരെയാണ് കോട്ടയം ജില്ലയിൽ അങ്കമാലി- ശബരി റെയിൽവേക്കായി കല്ലിട്ടു തിരിച്ചിട്ടുള്ളത്. പിഴക് വരെ മാത്രമാണ് റവന്യു റെയിൽവേ സംയുക്ത സർവേ നടത്തി കല്ലിട്ടു തിരിച്ച് സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയിൽവേ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ റെയിൽവേ സ്റ്റേഷനുകൾ നിർമിക്കുക.
