തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ പ്രതിഷേധം. അയ്യപ്പന്റെ സ്വർണ്ണം കട്ടവർ അമ്പലം വിഴുങ്ങികൾ എന്ന ബാനർ പിടിച്ചായിരുന്നു പ്രതിഷേധം. പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനവും പ്രതിഷേധക്കാർ പാടി. ജയിലിനകത്ത് ആരപ്പാ... സഖാക്കളാണേ അയ്യപ്പാ എന്നും പ്രതിഷേധക്കാർ ആലപിച്ചു. നിയമസഭ സമ്മേളിക്കും മുമ്പേയാണ്, സഭാ കവാടത്തിൽ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയത്.
ശബരിമല സ്വർണക്കൊള്ള അന്വേഷണം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എല്ലാ പ്രതികളും പുറത്തിറങ്ങുകയും, ഇനിയും അകത്തു പോകേണ്ട പ്രതികൾ പുറത്തു നിൽക്കുകയുമാണ്. ബാക്കിയുള്ള പ്രതികളിലേക്ക് കൂടി അന്വേഷണം പോകുന്നില്ല എന്നത് അപകടകരമാണ്. ആ പ്രതികൾ സിപിഎമ്മിനും സർക്കാരിനും ഏറ്റവും വേണ്ടപ്പെട്ട പ്രതികളാണ്. വിഡി സതീശൻ ആരോപിച്ചു.
ആ പ്രതികളിലേക്ക് പോയാൽ സർക്കാർ തന്നെ തകർന്നുവീഴും എന്ന തിരിച്ചറിവിൽ, മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിൽ അനധികൃത ഇടപെടൽ നടത്തുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നിഷേധിച്ച പ്രധാന പ്രതികൾ വരെ സ്റ്റാറ്റിയൂട്ടറി ജാമ്യം നേടി പുറത്തു വരികയാണ്. ഒരു അന്വേഷണവും നടക്കുന്നില്ല. തൊണ്ടിമുതൽ കണ്ടെത്തിയിട്ടില്ല. തെളിവുകൾ ശേഖരിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഞെട്ടിച്ച, അപമാനകരമായ ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഒരു സ്ഥലത്തുമെത്താതെ അവസാനിപ്പിക്കുന്ന ദൗർഭാഗ്യകരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകുകയാണ്. നിയമസഭയിൽ പ്രതിഷേധിക്കാൻ യുഡിഎഫ് കൂട്ടായിട്ടാണ് തീരുമാനമെടുത്തത്. അല്ലാതെ വിഡി സതീശൻ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ല. ഞങ്ങളുടെ ഐക്യം കണ്ടിട്ടാണ് ഭരണപക്ഷം ആക്രമിക്കുന്നത്. മന്ത്രിമാർ നിലവാരം കുറഞ്ഞ പ്രസ്താവനകളാണ് നടത്തിയത്. പ്രതിപക്ഷ നേതാവിന് സമനില തെറ്റിയെന്നും ധ്രാന്താണെന്നും പറഞ്ഞു.
