നവകേരള സർവേയിൽ അപാകതയെന്ത്? പഠനം നടത്തുന്നതിൽ എന്താണ് തെറ്റ്?; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി; സർക്കാരിന് ആശ്വാസം


 ന്യൂഡൽഹി: നവകേരള സർവേ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന സർക്കാരിന് ആശ്വാസം പകരുന്നതാണ് സുപ്രീം കോടതി നടപടി.



ഇത്തരം സർവേ നടത്തുന്നതിൽ എന്താണ് അപാകതയെന്ന് സുപ്രീം കോടതി ചോദിച്ചു. ക്ഷേമത്തിനായി സർക്കാർ കോടിക്കണക്കിന് രൂപ ചെലവാക്കുമ്പോൾ അതിന്റെ ഗുണഭോക്താക്കളോട് വിവരശേഖരണം നടത്തുന്നതിൽ എന്താണ് തെറ്റെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ക്ഷേമപദ്ധതികൾ എങ്ങനെ നടക്കുന്നുവെന്നറിയാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. എങ്ങനെയെല്ലാം അത് മെച്ചപ്പെടുത്താമെന്ന് സംസ്ഥാനത്തിന് പരിശോധിക്കാമെന്നും കോടതി നിരീക്ഷിച്ചു. വളണ്ടിയർമാർക്ക് ഒരു പൈസ പോലും പ്രതിഫലമായി നൽകിയിട്ടില്ലെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി



നവകേരള സർവേ നടത്താനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സർക്കാർ സംവിധാനങ്ങളും പൊതു ഖജനാവിലെ ഫണ്ടും ഉപയോഗിച്ചു സർവേ നടത്തുന്നതു നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് ആരോപിച്ച് പെരുമ്പാവൂർ ഓടയ്ക്കാലി സ്വദേശി എംഎച്ച് മുബാസും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും നൽകിയ ഹർജികൾ അനുവദിച്ചാണു ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വിഎം ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്. ഇതിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.


നവകേരള സിറ്റിസൻ റെസ്‌പോൺസ് പ്രോഗ്രാം എന്ന പേരിൽ പാർട്ടി പ്രവർത്തകരെ ഉൾപ്പെടെ നിയോഗിച്ച് 20 കോടി രൂപ ചെലവിൽ നടത്തുന്ന സർവേ നിയമവിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ ആക്ഷേപം. ധനകാര്യ അനുമതിയില്ലാതെയും ബജറ്റ് വകയിരുത്തൽ ഇല്ലാതെയുമുള്ള നടപടി നിയമവിരുദ്ധമെന്ന വാദം അംഗീകരിച്ചായിരുന്നു സുപ്രീം കോടതിയുടെ നടപടി.

Previous Post Next Post