ന്യൂഡൽഹി: ശബരിമലയിൽ ഇനി ബാക്കിയെന്തെങ്കിലും ഉണ്ടോയെന്ന് സുപ്രീംകോടതി. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഈ ചോദ്യം. കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്ന പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജി ഹോളി അവധിക്ക് ശേഷം മാർച്ച് 9 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും, കേസിൽ തന്നെ തെറ്റായി പ്രതി ചേർത്തതാണെന്നുമാണ് ഹർജിയിൽ പങ്കജ് ഭണ്ഡാരി ചൂണ്ടിക്കാട്ടുന്നത്. കേസ് പരിഗണിച്ചപ്പോൾ, ശബരിമലയിൽ എന്തെങ്കിലും സ്വർണം ബാക്കിയുണ്ടോയെന്ന് ജസ്റ്റിസ് സതീശ് ചന്ദ്ര ശർമ്മ ചോദിച്ചു. കാര്യങ്ങളെല്ലാം കേൾക്കുമ്പോൾ ഇതു ചോദിക്കാതിരിക്കാനാവില്ല. അവിടെ ബാക്കിയെന്തെങ്കിലും സ്വർണം അവശേഷിക്കുന്നുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം.
സ്വർണം പൂശുക മാത്രമാണ് തന്റെ ജോലിയെന്നാണ് പങ്കജ് ഭണ്ഡാരി കോടതിയിൽ വ്യക്തമാക്കിയത്. മംഗൾയാൻ, ചന്ദ്രയാൻ അടക്കമുള്ള ഉപകരണങ്ങളിൽ അടക്കം സ്വർണം പൂശി നൽകിയിട്ടുണ്ട്. നാനോ ടെക് ഗോൾഡൻ ഡെപോസിഷൻ (NTGD) വിദഗ്ദ്ധൻ ആണ് പങ്കജ് ഭണ്ഡാരി. സ്വർണം മോഷ്ടിച്ചുകൊണ്ടു പോകേണ്ട സാഹചര്യം ഇയാൾക്കില്ല. റപ്യൂട്ടഡ് ആയ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് പങ്കജ് ഭണ്ഡാരിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ ഒരു പ്രതികൾക്കും ഇളവ് നൽകുന്ന പ്രശനമില്ലെന്ന് സുപ്രീംകോടതി കടുത്ത നിലപാട് അറിയിച്ചിരുന്നു. സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീക്ക് മാത്രമാണ് സുപ്രീംകോടതി മുൻകൂർ ജാമ്യം നൽകിയത്. ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.
