ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഗണേഷ്‍കുമാറിന്‍റെ എല്ലാ കഥയും അറിയാവുന്നയാളാണ് ഞാൻ, മുഴുവൻ പറയേണ്ടി വന്നാല്‍ പറയും'; തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ.


മന്ത്രി കെബി ഗണേഷ്‍കുമാറിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. മന്ത്രി കെ ബി ഗണേഷ്കുമാര്‍ ഇപ്പോഴും ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയാണെന്നുംഗണേഷ് പറഞ്ഞ കാര്യങ്ങള്‍ മുഴുവൻ അറിയുന്ന ആളാണ് താനെന്നും മുഴുവൻ കഥകളും പറയേണ്ടി വന്നാല്‍ ഞാൻ എല്ലാം പറയുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയെ വീണ്ടും വലിച്ചിഴക്കൻ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഗണേഷ് കുമാറിന് മറുപടി പറയാത്തത്. യഥാർത്ഥത്തില്‍ ഇതൊക്കെ നീതിയാണോ? ഗണേശിന്‍റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാൻ. ഇന്നു ജീവിച്ചിരിക്കുന്നവരില്‍ അതെല്ലാം അറിയാവുന്ന ആള്‍ ഞാൻ മാത്രമായിരിക്കും. ഇതിന്‍റെ ഉള്‍ക്കഥകള്‍ എല്ലാം എനിക്കറിയാം. ഗണേഷ്കുമാറിന് എന്തു ഗുണം കിട്ടാനാണ് ഉമ്മൻചാണ്ടിയെ വേട്ടയാടുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു. മരണശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത്? ഉമ്മൻ ചാണ്ടിയെ മുൻപ് എത്രത്തോളം വേട്ടയാടി എന്ന് പൊതുസമൂഹത്തിന് അറിയാം. കല്ലറയില്‍ കൊണ്ട് പോസ്റ്റർ വെച്ച്‌ ഉമ്മൻ ചാണ്ടിയെ അപമാനിക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം സര്‍ക്കാര്‍ പിടിച്ച പുലിവാലാണെന്നും സർക്കാർ ചെലവില്‍ നടത്തില്ലെന്ന് സർക്കാർ കോടതിയില്‍ പറഞ്ഞതാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. നിയമസഭയിലെ ചോദ്യത്തിന് സർക്കാർ മറുപടി തന്നു. സഭയില്‍ ചോദിച്ച ചോദ്യത്തിന് എന്താണ് സത്യം ആയ മറുപടി തരാതിരുന്നത്?. നിയമസഭയില്‍ തന്നതാണ് ആധികാരിക രേഖ എന്നാണ് വിശ്വസിക്കുന്നത്. എന്തുകൊണ്ടാണ് നിയമസഭയിലും ഹൈക്കോടതിയിലും രണ്ട് കണക്കുകള്‍ വന്നത്?. ഇക്കാര്യത്തില്‍ സർക്കാരും ദേവസ്വം ബോർഡ് വിശദീകരണം നല്‍കണം.

ദേവസ്വം മന്ത്രി കൃത്യമായ മറുപടി നല്‍കണം.

Previous Post Next Post