പ്രഭാവതിയമ്മ എഫക്‌ട്! നടപ്പാതയില്‍ സ്കൂട്ടര്‍ ഓടിച്ചയാള്‍ക്കെതിരെ കേസെടുത്തു; മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സ് സസ്പെന്‍റ് ചെയ്തു.


എരഞ്ഞിപ്പാലം ജംഗ്ഷനിലെ തിരക്കില്‍ നിന്ന് രക്ഷപ്പെടാൻ സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചുകയറ്റിയയാളെ വയോധിക തടഞ്ഞ സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്.

സ്കൂട്ടര്‍ ഉടമക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കുകയും ലൈസന്‍സ് സസ്പെന്‍റ് ചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ പിടികൂടാൻ ഇനിമുതല്‍ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

എരഞ്ഞിപ്പാലം സ്വദേശി 72 കാരിയായ പ്രഭാവതിയമ്മയാണ് ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചുകയറ്റിയയാളെ ധൈര്യപൂർവം തടഞ്ഞുനിർത്തിയത്. നിയമലംഘനം ചോദ്യം ചെയ്യുന്ന ഇവരുടെ വീഡിയോ 'അഫ്‌ലു സ്റ്റോറീസ്' എന്ന വ്ലോഗർ പങ്കുവെച്ചതോടെയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായത്.എരഞ്ഞിപ്പാലം സിഗ്‌നലിന് സമീപം റോഡില്‍ വൻ തിരക്കുള്ള സമയത്താണ് സ്കൂട്ടർ ഫുട്പാത്തിലൂടെ ഓടിച്ചുപോകാൻ യാത്രികൻ ശ്രമിച്ചത്. ഇതുകണ്ട പ്രഭാവതി അമ്മ വണ്ടിക്ക് മുന്നില്‍ തടസമായി നിന്നു. സ്കൂട്ടർ യാത്രികൻ മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും കാല് വെച്ച്‌ തടഞ്ഞും, മൊബൈലില്‍ ദൃശ്യങ്ങള്‍ പകർത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയും അവർ അയാളെ റോഡിലേക്ക് തന്നെ തിരിച്ചിറക്കുകയായിരുന്നു.

Previous Post Next Post