'ലിങ്കില്‍ കയറി പണം അടയ്ക്കണം'; കോട്ടയത്ത് ഇന്ത്യന്‍ ആര്‍മിയുടെ പേരില്‍ സൈബര്‍ തട്ടിപ്പ്



കോട്ടയം: കോട്ടയത്ത് ഇന്ത്യൻ ആർമിയുടെ പേരിൽ സൈബർ തട്ടിപ്പിന് ശ്രമം. ആർമി കാന്റീനിലേക്ക് തേയില വേണമെന്നും കരാർ ലഭിക്കാനായി ലിങ്കിൽ കയറി പണം അടക്കണമെന്നുമാണ് തട്ടിപ്പ് സംഘം പറഞ്ഞത്. കോട്ടയം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന റെയിൻബോ ട്രേഡിങ് കമ്പനി ഉടമയായ അമീനിനാണ് തട്ടിപ്പുസന്ദേശം ലഭിച്ചത്. സംഭവത്തിൽ അമീൻ കോട്ടയം സൈബർ പൊലീസിൽ പരാതി നൽകി.


കോട്ടയത്തെ ആർമി ക്യാംപിലേക്ക് വലിയ അളവിൽ തേയില ആവശ്യമുണ്ടെന്നും അതിനായി ടെണ്ടർ അയക്കണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു തട്ടിപ്പുകാരുടെ സന്ദേശം. സന്ദേശത്തിന് പിന്നാലെ കൃനാൽ ചൗധരിയെന്ന സൈനികന്റെ പേരിൽ ഫോൺ കോളെത്തുകയും ചെയ്തു. പിന്നീട് പാങ്ങോട് സൈനികകേന്ദ്രത്തിലെ ജിഎസ്ടി നമ്പർ നൽകി വിശ്വാസം പിടിച്ചുപറ്റാനും സംഘം ശ്രമം നടത്തിയതായി പരാതിക്കാരൻ പറഞ്ഞു.


ഇറക്കുമതി ചെയ്യേണ്ട തേയിലയുടെ അളവിനെ കുറിച്ചും ഗുണമേന്മയെ കുറിച്ചും വാട്സ്ആപ്പിലൂടെ സംസാരിക്കുകയും ചെയ്തു. കരാറിനായി അയച്ചുതന്ന ലിങ്ക് വഴി പണമടക്കണമെന്ന് നിർബന്ധിച്ചതോടെ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് തട്ടിപ്പാണെന്ന് ബോധ്യമായത്. തുടർന്ന് അമീൻ കോട്ടയം സൈബർ പൊലീസിൽ പരാതി നൽകിയത്. ഗുജറാത്ത് കേന്ദ്രമാക്കിയ തട്ടിപ്പുസംഘമാണ് സംഭവത്തിന് പിന്നിലെന്നും പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായും സൈബർ പൊലീസ് പറഞ്ഞു.

Previous Post Next Post