ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളിൽ കയറ്റിയില്ല; സെക്യൂരിറ്റി ഗേറ്റ് പൂട്ടി, പരാതി


 

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. കൊട്ടാരക്കര നടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കന്ററി സ്‌കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ് നായരാണ് പരാതി നൽകിയത്. സ്‌കൂളിന്റെ സെക്യൂരിറ്റിയാണ് അധ്യാപികയെ തടഞ്ഞത്. സ്‌കൂൾ മാനേജർ നിർദേശിച്ചത് പ്രകാരമാണ് അധ്യാപികയെ തടഞ്ഞത്. സ്‌കൂളിനുള്ളിൽ കടക്കാതിരിക്കാൻ ഗേറ്റ് പൂട്ടിയിടുകയും ചെയ്തു.



അധ്യാപിക ഗേറ്റിന് മുന്നിലിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസിൽ പരാതിയും നൽകി. പൊലീസെത്തി ഗേറ്റ് തുറന്നതിനു ശേഷമാണ് അധ്യാപികയ്ക്ക് സ്‌കൂളിനുള്ളിൽ പ്രവേശിക്കാനായത്. മുമ്പും ചുരിദാർ ധരിച്ചു വരുമ്പോൾ മാനേജറിന്റെ ഭാഗത്തുനിന്നും വസ്ത്രധാരണത്തെ കുറിച്ചു സംസാരമുണ്ടായിട്ടുണ്ടെന്ന് പ്രധാന അധ്യാപിക പറയുന്നു.


സമാനമായ അവസ്ഥ സ്‌കൂളിലെ മറ്റു അധ്യാപികമാർക്കും നേരിട്ടുണ്ടെന്നാണ് ആരോപണം. അധ്യാപികയോട് വിദ്യാഭ്യാസ വകുപ്പ് വിവരങ്ങൾ തേടിയിട്ടുണ്ട്. സ്‌കൂളിൽ സാരിക്കു പുറമേ ചുരിദാർ ധരിച്ചെത്താൻ അധ്യാപികമാർക്ക് അനുവാദം നൽകിക്കൊണ്ടുള്ള ഉത്തരവ് വർഷങ്ങൾക്കു മുമ്പേ കേരള സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 2008 ഫെബ്രുവരി 4 നാണ് ഇതുസംബന്ധിച്ച ഉത്തരവ് ആദ്യം പുറത്തിറങ്ങിയത്. സ്‌കൂളിലെ പ്രധാന അധ്യാപികയുമായി വസ്ത്രധാരണത്തിന്റെ പേരിൽ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും. കൃത്യസമയത്തു സ്‌കൂളിൽ എത്തണമെന്ന കാര്യത്തിൽ മുമ്പ് സംസാരിച്ചിട്ടുണ്ടെന്നുമാണ് സ്‌കൂൾ മാനേജറുടെ വിശദീകരണം.

Previous Post Next Post