ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സി ജെ റോയ് 6 മാസമായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച രേഖകളും കണ്ടെത്തിയിട്ടുണ്ട്. ദുബായിലും കേരളത്തിലുമുള്ള റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കായി രാഷ്ട്രീയ നേതാക്കളിൽ നിന്നും സിനിമാ മേഖലയിൽ നിന്നുള്ളവരിൽ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. കേന്ദ്ര ഏജൻസികളുടെ വലയിൽ റോയ് കുടുങ്ങുമെന്നു സംശയിച്ച് ചില നിക്ഷേപകർ പണം തിരിച്ചു ചോദിച്ചതു സമ്മർദം കൂട്ടാൻ കാരണമായെന്നാണ് കണ്ടെത്തൽ.
പല ഇടപാടുകളുടെയും സ്രോതസ്സ് വെളിപ്പെടുത്താനാവാതെയാണ് റോയ് കടുത്ത തീരുമാനത്തിലേക്കു നീങ്ങിയെന്നാണു സംശയിക്കുന്നത്. ഗ്രൂപ്പ് ആസ്ഥാനത്തു നിന്ന് നിക്ഷേപകരുടെ വിശദാംശങ്ങൾ ഉൾപ്പെടെ റോയി എഴുതിയ കുറിപ്പുകളും ലഭിച്ചിട്ടുണ്ട്.
അതേസമയം റിയൽ എസ്റ്റേറ്റ് രംഗത്തെ റോയിയുടെ പങ്കാളികളെയും ഇടപാടുകാരെയും കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം പരിശോധന ശക്തമാക്കുകയാണ്. ആദ്യഘട്ട മൊഴികളിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത തേടിയാണ് ഈ നീക്കം.ഇതു പ്രകാരം വൻകിട ഭൂമി ഇടപാടുകളിൽ നിർണ്ണായക പങ്ക് വഹിച്ചവരെ വരുംദിവസങ്ങളിൽ കർണാടക പൊലിസ് ചോദ്യം ചെയ്യും. മരണത്തിന് മുൻപ് നടന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാൻ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ട് എസ്ഐടി ബാങ്കുകൾക്ക് കത്ത് നൽകിയിട്ടുണ്ട്.
നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് സി ജെ റോയിയുടെ ഓഫീസുകളിലും വസതികളിലും കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടന്നുവരുന്നതിനിടെയായിരുന്നു ഓഫീസിനകത്ത് വച്ച് അദ്ദേഹം സ്വയം വെടിവച്ച് മരിച്ചത്. ബംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിനടുത്തുള്ള ഓഫീസിലായിരുന്നു സംഭവം.
