'ജനവികാരം കണ്ടല്ലോ? സർക്കാർ തിരുത്തണം, പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിൽ പോകില്ല'



ആലപ്പുഴ: ശബരിമല യുവതീപ്രവേശത്തിൽ സർക്കാർ തിരുത്തണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനവികാരം മനസിലാക്കിയാണ് സർക്കാരിന്റെ പ്രവർത്തനമെന്നും അയ്യപ്പഭക്തരെ ആകർഷിക്കുന്ന തീരുമാനം വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിൽ പോകില്ല. സ്ത്രീകൾ അവിടെ പോകരുതെന്ന് അപേക്ഷിക്കുന്നു. ശബരിമല യുവതീപ്രവേശം അനുവദിക്കാത്ത വിധിയുണ്ടാകട്ടെയെന്നും വെള്ളാപ്പളളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു.


'സുപ്രീം കോടതി വിധി എന്തായാലും സ്ത്രീകൾ ശബരിമലയിലേക്ക് പൂർണമായി പോകുകയില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. സ്ത്രീകൾ പോകരുതെയെന്ന് ഞാൻ അവരോട് അപേക്ഷിക്കുന്നു. അയ്യപ്പഭക്തർക്ക് ഉൾക്കൊള്ളാനാവാത്ത വിധിയായിരുന്നു അത്. അതിന്റെ വികാരവിചാരങ്ങളെല്ലാം പ്രതിഷേധാർഹമായ രീതിയിൽ കേരളം മുഴുവൻ അണപൊട്ടി. വിധി വന്നപ്പോൾ അനുകൂലിച്ചവരിൽ പലരും ഇപ്പോൾ അതിനെ അനുകൂലിച്ചല്ല സംസാരിക്കുന്നത്. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ കോടതി അവസരം നൽകിയിട്ടുണ്ട്. അതിനെ പറ്റി ചിന്തിച്ച് ഒരു തീരുമാനം കോടതി എടുക്കട്ടെ. സ്ത്രീ പ്രവേശനം സാധ്യമാക്കാത്ത സാഹചര്യമുണ്ടാക്കി അയ്യപ്പഭക്തരെ കൂടുതൽ ആകർഷിപ്പിക്കാവുന്ന രീതിയിലേക്ക് ഒരു തീരുമാനം ഉണ്ടാകാൻ നമുക്ക് പ്രാർഥിക്കാം'


'സർക്കാർ തിരുത്തണം. ജനവികാരം കണ്ടല്ലോ?. അതിനുപിന്നാലെയുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ കണ്ടാൽ തിരുത്തിയതായി നമുക്ക് മനസിലാക്കാൻ കഴിയും. ഈ വിഷയത്തിൽ എസ്എൻഡിപി കക്ഷി ചേരേണ്ടതില്ല. ഇക്കാര്യത്തിൽ ആശയം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. സത്യവാങ്മൂലം നൽകണമോയെന്നത് സർക്കാർ തീരുമാനിക്കട്ടെ. തന്റെ അഭിപ്രായങ്ങൾ തന്നെയാണ് ഇക്കാര്യത്തിൽ എൻഎസ്എസിനും എന്നാണ് മനസിലാക്കുന്നത്. ശബരിമലയിലെ പല വിശ്വാസങ്ങളും ആചാരങ്ങളും മാറ്റപ്പെടാം. ആചാരങ്ങൾ വരണം. ദുരാചരങ്ങൾ ഇല്ലാതാകണം. പക്ഷെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ചടത്തോളം ഇന്ന് ആചാരമായി നിൽക്കേണ്ടത് മാറ്റപ്പെടേണ്ടതില്ല. നിലവിലെ അവസ്ഥ തുടരണം' - വെള്ളാപ്പള്ളി പറഞ്ഞു.

Previous Post Next Post