രാജസ്ഥാനിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടിത്തം; ഏഴ് പേർ വെന്തുമരിച്ചു; പത്തുപേർ കുടുങ്ങി



ജയ്പൂർ: രാജസ്ഥാനിലെ ഭിവാഡിയിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ വൻ തീപിടുത്തത്തിൽ ഏഴ് തൊഴിലാളികൾ വെന്തു മരിച്ചു. പത്ത് തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. രാവിലെ ഒൻപതരയോടെയാണ് തീപിടിത്തമുണ്ടായത്. ഈ സമയം 25 തൊഴിലാളികൾ ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.


തീ പടർന്നുപിടിച്ചതോടെ ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിയമർന്നു. ഇതിനിടെ ചില തൊഴിലാളികൾ രക്ഷപ്പെട്ട് ഓടിയതായും വിവരം ഉണ്ട്. പ്രദേശത്ത് സാധാരണ രീതിയിലുള്ള പൊലീസ് പട്രോളിംഗിനിടെയാണ് സംഭവം ആദ്യം ശ്രദ്ധയിൽപ്പെട്ടതെന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് സുമിത മിശ്ര പറഞ്ഞു. പൊലീസും ഫയർഫോഴ്‌സും മെഡിക്കൽ സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.


തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തിജാര ഡെപ്യൂട്ടി സൂപ്രണ്ട് ശിവരാജ് സിങിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കലക്ടർ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തിൽ മജിസ്ട്രീരിയൽ അന്വേഷണം പ്രഖ്യാപിച്ച ജില്ലാ ഭരണകൂടം, സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും.

Previous Post Next Post