മലപ്പുറം: വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സക്കെത്തിയ പെൺകുട്ടി കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്ന(7) ആണ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ലസ്നയ്ക്കൊപ്പം മാതാവ് ഷഹല, ലസ്നയുടെ സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും ഇതേ ലക്ഷണങ്ങളാൽ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഗർഭിണിയായ ഷഹലയ്ക്കും മകൾ മിൻസയ്ക്കും നല്ല ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രിപ്പ് നൽകിയിരുന്നു. മറ്റുള്ളവരെയും ചികിത്സിച്ചു. ഇതിനിടയിലാണ് വൈകീട്ട് മൂന്നോടെ ലസ്ന കുഴഞ്ഞവീണ് മരിച്ചത്. തുടർന്ന് മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലസ്‌നയുടെ മരണത്തിനിടയാക്കിയത് ഭക്ഷ്യവിഷബാധയാണോയെന്ന് സംശയമുണ്ട്. വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം തന്നെയാണ് ഇവർ കഴിച്ചതെന്നും വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണമാണ് ഇവർ കഴിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.
