തിരുവനന്തപുരം: കെഎസ്ആർടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം. കിഴക്കേകോട്ടയിൽ കെഎസ്ആർടിസിയുടെ സ്ഥലത്താണ് ആശുപത്രി ആരംഭിക്കുന്നത്. ജീവനക്കാർക്ക് വേണ്ടി മാത്രമല്ല, പാവപ്പെട്ട ജനങ്ങൾക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡയാലിസിസ് മെഷീൻ നൽകിയിട്ടുണ്ട്. നിംസ് ആശുപ്തരിയിൽ നിന്നും നെഫ്രോളജിസ്റ്റിന്റെ സേവനം സൗജന്യമായി നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതുവഴി പാവപ്പെട്ട രോഗികൾക്ക് വളരെ കുറഞ്ഞ തുകയ്ക്ക് ഡയാലിസിസ് നൽകാൻ സാധിക്കും. ഇതിനായി 10 ബെഡ്ഡുകൾ ഒരുക്കാനാണ് ഇപ്പോൾ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
10 ബെഡ്ഡുകൾ സ്‌പോൺസർ ചെയ്തിട്ടുണ്ട്. 10 മെഷീനുകളും സ്‌പോൺസർ ചെയ്തിട്ടുണ്ട്. ഇതുവഴി 10 പേർക്ക് ഒരുസമയം ഡയാലിസിസ് ചെയ്യാനാകും. അതുകൂടാതെ എല്ലാ മരുന്നുകളും ന്യായവിലയ്ക്ക് അവിടത്തെ ഫാർമസിയിൽ നിന്നും കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതു ജീവനക്കാർക്ക് മാത്രമല്ല, പാവപ്പെട്ട സാധാരണക്കാരായ രോഗികൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താനാകുമെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു.
