'കോപ്രായം' കാണിച്ചത് ഭരണപക്ഷമെന്ന് വിഡി സതീശൻ, വടി കൊണ്ടു തല്ലിയ അംഗത്തിന്റെ പേരു പറയാൻ നിർബന്ധിതമാക്കരുതെന്ന് സ്പീക്കർ; സഭയിൽ പോര്


തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭയിലെ സംഘർഷങ്ങൾ 'കോപ്രായമാണെന്ന' മുഖ്യമന്ത്രിയുടെ ഇന്നലത്തെ പരാമർശത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രൂക്ഷമായി വിമർശിച്ചു. ഭരണപക്ഷമാണ് കോപ്രായം കാണിച്ചത്. കോപ്രായം നടത്തിയവരെല്ലാം അപ്പുറത്തിരിപ്പുണ്ട്. ചോദ്യോത്തരങ്ങൾക്കിടെ മന്ത്രിമാർ സോണിയാഗാന്ധിയേയും പ്രിയങ്കാഗാന്ധിയേയും ആക്ഷേപിക്കുകയാണ്. ഇതിലൊരാൾ കേരളത്തിലെ എംപി കൂടിയാണ്. ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് മാറ്റണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. ഇന്നലെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷ എംഎൽഎ വടി കൊണ്ട് തല്ലിയെന്ന മുഖ്യമന്ത്രിയുടെ ആരോപണവും വിഡി സതീശൻ നിഷേധിച്ചു. മുഖ്യമന്ത്രി വാസ്തവവിരുദ്ധമായ പ്രസ്താവനയാണ് നടത്തിയത്. നിയമസഭയിൽ പ്രതിഷേധിച്ചു എന്നത് സത്യമാണ്. സഭയിൽ ബാനർ പിടിക്കുന്നത് ആദ്യമായിട്ടൊന്നുമല്ല. ചേംബറിൽ വെച്ച് ചർച്ച നടത്തേണ്ട വിഷയമൊന്നും ഉണ്ടായിട്ടില്ലെന്ന് സ്പീക്കർ തന്നെ പറഞ്ഞിട്ടുള്ളതാണ്. അത്തരത്തിൽ വയലന്റായ ഒരു നടപടിയും പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.


സഭാ നടപടികൾ സ്തംഭിപ്പിക്കുമെന്ന് പറഞ്ഞിട്ടു തന്നെയാണ് പ്രതിഷേധിച്ചതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ചർച്ചയുടെ വേദിയാണ് നിയമസഭ, അതിനാൽ സഭ തടസ്സപ്പെടുത്തരുതെന്ന് അംഗങ്ങളോട് അഭ്യർത്ഥിക്കുകയാണെന്ന് സ്പീക്കർ പറഞ്ഞു. ഇന്നലത്തെ സംഘർഷത്തിനിടെ, വാർച്ച് ആന്റ് വാർഡിനെ തല്ലിയ അംഗത്തിന്റെ പേര് തൽക്കാലം പറയുന്നില്ല. പേരു പറയുന്നത് അംഗത്തിനു ക്ഷീണമാകും എന്നു കരുതിയാണ് പറയാത്തത്. ബാനർ കെട്ടിയ കമ്പു കൊണ്ട് തല്ലിയിട്ടുണ്ട് എന്നതു വാസ്തവമാണ്. പേരു പറഞ്ഞേ അടങ്ങൂ എന്ന വാശിയിലാണെങ്കിൽ, പേരു പറയാൻ നിർബന്ധിതമാകുമെന്നും സ്പീക്കർ വ്യക്തമാക്കി. സ്പീക്കറുടെ നിർദേശം വാച്ച് ആന്റ് വാർഡ് പാലിച്ചിട്ടുണ്ടെന്നും ഷംസീർ പറഞ്ഞു.


കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിപക്ഷ അംഗങ്ങൾ ചെയറിനെ അന്ധരാക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പ്രതിപക്ഷ നേതാവ് ഗാന്ധാരിയെപ്പോലെ സ്വയം കണ്ണുകെട്ടിയിരിക്കുകയാണോ?. ഇന്നലെ സഭയിൽ നടന്നതിനെ ഇപ്പോഴും പ്രതിപക്ഷ നേതാവ് ന്യായീകരിക്കുകയാണ്. ലോകം മുഴുവൻ കണ്ടതിനെ ന്യായീകരിച്ച് സ്വയം പരിഹാസ്യനാകാൻ അദ്ദേഹം ശ്രമിക്കുകയാണ്. സ്പീക്കറുടെ ഡയസിലേക്ക് അംഗം ചാടിക്കയറുന്നതിന്റെ പടം പത്രങ്ങളിലുണ്ട്. ആ ചാടിക്കയറിയ അംഗം ഹൈജംപിന് പരിശീലിച്ചിരുന്നെങ്കിൽ നാടിനു ഗുണമുണ്ടായിരുന്നേനെയെന്ന് എം ബി രാജേഷ് പരിഹസിച്ചു.

Previous Post Next Post