'അവാർഡിനു വേണ്ടിയല്ല ഞങ്ങൾ പൊതു പ്രവർത്തനത്തിന് ഇറങ്ങിയത്, വിഎസിൻറെ കാര്യം കുടുംബത്തിന് തീരുമാനിക്കാം'

കൽപ്പറ്റ: അവാർഡുകൾക്ക് വേണ്ടിയല്ല ഞങ്ങൾ പൊതുപ്രവർത്തനത്തിനിറങ്ങിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഎസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷൺ പുരസ്‌കാരവുമായി ബന്ധപ്പെട്ട്, അവാർഡ് സ്വീകരിക്കുന്നതിൽ പാർട്ടി നിലപാടിനൊപ്പമെന്ന കുടുംബത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.


എംവി ഗോവിന്ദന്റെ വാക്കുകൾ ഇങ്ങനെ:


'ഞങ്ങൾ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ ഇടപെടുകയും പ്രവർത്തിക്കുകയും ചെയ്തത് ഏതെങ്കിലും അവാർഡോ, സമ്മാനമോ വാങ്ങാനല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടാണ്. അതുകൊണ്ട് ഞങ്ങൾക്ക് ഈ അവാർഡ് സ്വീകരിക്കാനാവില്ല എന്ന് ആദ്യം തന്നെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞിരുന്നു. എന്നാൽ വിഎസിന്റെ കാര്യത്തിൽ ഒരു വ്യത്യാസമുണ്ട്. വിഎസിന് മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്‌കാരം നൽകുന്നത്. അതുകൊണ്ടു തന്നെ വി എസിനോട് ചോദിക്കാൻ സാധിക്കില്ല. കുടുംബത്തോടൊട്ടു ചോദിച്ചിട്ടുമില്ല.'


'സ്വാഭാവികമായും ഇങ്ങനെയൊരു ബഹുമതി പ്രഖ്യാപിച്ചപ്പോൾ, ഞങ്ങൾക്ക് സന്തോഷമുണ്ടെന്നാണ് കുടുംബം പറഞ്ഞത്. ഞങ്ങൾ നിഷേധാത്മകമായ നിലപാട് സ്വീകരിച്ചില്ല. കുടുംബത്തിന്റെ സന്തോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു എന്നു പാർട്ടി പറഞ്ഞു. കുടുംബം വളരെ ആലോചിച്ചു സന്തോഷം ഉണ്ടെന്ന് രേഖപ്പെടുത്തി. എന്നാൽ പുരസ്‌കാരം വാങ്ങേണ്ടതുണ്ടോ എന്ന കാര്യത്തിൽ അവർ ആലോചിച്ച്, അവരുടെ തീരുമാനത്തിന് വിടാം എന്നാണ് പാർട്ടി തീരുമാനിച്ചത്. അതാണ് കാര്യം.' എം വി ഗോവിന്ദൻ പറഞ്ഞു.

Previous Post Next Post