'തന്ത്രിയുടെ അറസ്റ്റ് വാസവന്റെയും കടകംപള്ളിയുടെയും പങ്ക് മറയ്ക്കാൻ'; ആശുപത്രിയിലെത്തി കണ്ട് രാജീവ് ചന്ദ്രശേഖർ



തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സ്വർണ്ണക്കൊള്ളയിൽ നിന്ന് ശ്രദ്ധതിരിക്കാൻ സർക്കാർ തന്ത്രങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെ പറഞ്ഞതാണെന്നും റിമാൻഡ് റിപ്പോർട്ടിൽ തന്ത്രിക്കെതിരെ ഒരു ചുക്കും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


ആരെയും ന്യായീകരിക്കാൻ അല്ല. എന്തുകൊണ്ട് ഒരു തെളിവുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തു. തന്ത്രിയുടെ അറസ്റ്റ് വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ്. വാസവനും കടകംപള്ളിയുമാണ് ജയിലിൽ പോകേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


തന്ത്രിയുടെ ബന്ധു ബിജെപി നേതാവാണെന്നതിന് എന്തേലും തെളിവുകൾ ഉണ്ടെങ്കിൽ പൊലീസിന് വാസവൻ നൽകട്ടെ. ഇത്തരം പ്രസ്താവനകൾ ഇറക്കിയാൽ ഞാനും പറയും. അയപ്പനോടും വിശ്വാസികളോടും സനേഹമുണ്ടെങ്കിൽ മൂന്നുകാര്യങ്ങൾ മുഖ്യമന്ത്രി ചെയ്യണം. സിബിഐക്ക് കേസുവിടണം. യുവതിപ്രവേശനത്തിൽ സുപ്രീംകോടതിയിൽ പുതിയ സ്റ്റേറ്റ്‌മെന്റ് നൽകണം. യുവതി പ്രവേശന കേസുകൾ എല്ലാം പിൻവലിക്കണം. ഉളുപ്പുണ്ടെങ്കിൽ ചെയ്യട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.


സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് നിലവിൽ തന്ത്രിയുള്ളത്. ജയിലിൽ തുടരുമ്പോൾ മെഡിക്കൽ കോളജിൽ വച്ച് നടത്തിയ ആൻജിയോഗ്രാമിൽ ബ്ലോക്ക് കണ്ടെത്തിയിരുന്നു. ഇത് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ പരിശോധിക്കാനാണ് തന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


അതേസമയം സ്വർണക്കൊള്ള കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി തന്ത്രി കോടതിയെ സമീപിച്ചിരുന്നു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് ഇളവ് തേടിയത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി പോകണമെന്ന് ചൂണ്ടിക്കാണിച്ചാണ് തന്ത്രി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകിയത്.

Previous Post Next Post