ആദ്യസൂപ്പർ ഓവറിൽ അഫ്ഗാൻ 17 റൺസ് എടുത്തു. ദക്ഷിണാഫ്രിയ്ക്കായി ട്രിസ്റ്റൻ സ്റ്റബ്‌സ് അവസാന പന്തിൽ സിക്‌സർ പറത്തിയതോടെ ആദ്യസൂപ്പർ ഓവർ ടൈ ആയി. രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക് 23 റൺസ് നേടി. മറുപടി ബാറ്റിങിൽ കേശവ് മഹാരാജ് എറിഞ്ഞ ഓവറിൽ തുടർച്ചയായി ഗുർബാസ് മുന്ന് സിക്‌സർ പറത്തി വിജയത്തോട് അടുത്തെത്തി അഫ്ഗാൻ. അവസാന പന്ത് വൈഡ് ആയതോടെ വിജയിക്കാൻ വേണ്ടത് അഞ്ച് റൺ. മൂന്നാമതും സൂപ്പർ ഓവർ എന്ന നിലയിലേക്ക് നീങ്ങിയ മത്സരത്തിലെ അവസാന പന്തിൽ വിക്കറ്റ് വീഴ്ത്തി ദക്ഷിണാഫ്രിക്ക ചരിത്ര വിജയം നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് അടിച്ചെടുത്തു. ക്വിന്റൺ ഡി കോക്കിന്റെയും റയാൻ റിക്കിൾട്ടണിന്റെയും അർധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് കരുത്തായത്. അഫ്ഗാന് വേണ്ടി അസ്മത്തുള്ള ഒമർസായ് മൂന്നും ക്യാപ്റ്റൻ റാഷിദ് ഖാൻ രണ്ടും വീതം വിക്കറ്റുകൾ വീഴ്ത്തി.
വൺഡൗണായി എത്തി 28 പന്തിൽ 61 റൺസെടുത്ത റിക്കിൾട്ടണാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. 41 പന്തിൽ 59 റൺസെടുത്ത് ഡി കോക്കും തകർത്തടിച്ചു. 19 പന്തിൽ 23 റൺസെടുത്ത ഡെവാൾഡ് ബ്രെവിസ്, 15 പന്തിൽ 20 റൺസെടുത്ത ഡേവിഡ് മില്ലർ, 7 പന്തിൽ 16 റൺസെടുത്ത മാർകോ യാൻസൺ എന്നിവരും നിർണായക സംഭാവന നൽകി.
മറുപടി ബാറ്റിങിനിറങ്ങിയ അഫ്ഗാനും അതനിലയിൽ തന്നെ പോരാടി. ഗുർബാസിന്റെ തകർപ്പൻ ഇന്നിങ്‌സാണ് മത്സരത്തിൽ നിർണായകമായത്.താരം 42 പന്തിൽ നിന്ന് 84 റൺസ് നേടി. ദക്ഷിണാഫ്രിക്കൻ ബൗളർ എൻഡിഗി അഫ്ഗാൻ നിരയിൽ തകർച്ചയുണ്ടാക്കിയെങ്കിലും അവസാന ഓവറുകളിൽ നൂർ അഹമ്മദ് സിക്‌സർ പറത്തിയതോടെ മത്സരം അത്യന്തം ആവേശമായി, കഗീസോ റബാഡ എറിഞ്ഞ അവസാന ഓവറിൽ രണ്ട് നോബോളുകൾ വന്നെങ്കിലും അവസാന പന്തിൽ അഫ്ഗാൻ താരം റൺ ഔട്ടായതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.
