കൊല്ലം: മന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ നടന്ന ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനത്തിൽ താൻ സ്ത്രീവിരുദ്ധ മുദ്രവാക്യം വിളിച്ചിട്ടില്ലെന്ന് സിപിഎം നേതാവ് ചിന്ത ജെറോം. ഇന്നലെ രാത്രി കൊല്ലത്ത് നടന്ന പ്രതിഷേധ പ്രകടനത്തിൽ സ്ത്രീ വിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ആരോപണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ സോഷ്യൽ മീഡിയയിൽ ചിന്തക്കെതിരെ രംഗത്തുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് ചിന്തയുടെ പ്രതികരണം.
പ്രകടനത്തിൽ മുദ്രാവാക്യം ഏറ്റ് വിളിക്കുക മാത്രമാണ് ചെയ്തതെന്ന് ചിന്ത മാധ്യമങ്ങളോട് പറഞ്ഞു. 'വളരെ ചെറുപ്പത്തിലേ ഇത്തരം വ്യക്തിഹത്യകൾ നേരിട്ടുവരികയാണ്. ഇതൊക്കെ പ്രധാനവിഷയത്തിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ഗുഢാലോചനയാണ്. ഇതു പ്രചരിപ്പിക്കുന്നവർ മുഴുവൻ വിഷ്വലും കാണണം. അത് ഒരു മാസായി നടക്കുന്ന പ്രതിഷേധ പ്രകടനമാണ്. അതിൽ വൈകാരികമായി പങ്കെടുക്കുന്ന പ്രവർത്തകർ പ്രതിഷേധം പ്രകടിപ്പിച്ചതാണ്. നമ്മുടെ രാഷ്ട്രീയം എപ്പോഴും സ്്ത്രീ, ദളിത്, അരികുവത്കരിക്കപ്പെട്ടവർക്കൊപ്പമുള്ളതാണ്.
'അസഭ്യവർഷവുമായി ചിന്ത ജെറോം എന്ന സ്‌ക്രോൾ കണ്ടതുകൊണ്ടാണ് വിശദീകരണവുമായി രംഗത്തുവന്നത്. അല്ലെങ്കിൽ തെരഞ്ഞെടുപ്പുകാലമല്ലേയെന്ന് കരുതിയങ് വിടുമായിരുന്നു. ഞാൻ അങ്ങനെയൊക്കെ പറഞ്ഞോയെന്ന് എന്നെ സ്‌നേഹിക്കുന്നവർ തെറ്റിദ്ധരിച്ചാലോ എന്ന് കരുതിയാണ് വിശദീകരിക്കുന്നത്' - ചിന്ത ജെറോം പറഞ്ഞു.
അധിക്ഷേപ മുദ്രാവാക്യത്തിനെതിരെ സാമുഹിക മാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തി. ' ആരാടാ ഈ കെഎസ് യു, തന്തയില്ല കഴുവേറികളെ, അച്ഛൻ ഇല്ല നേരത്ത് അമ്മക്ക് ഉണ്ടായ സന്തതികളെ' എന്നായിരുന്നു അധിക്ഷേപ മുദ്രാവാക്യം. അങ്ങേയറ്റം സ്ത്രീവിരുദ്ധവും സംസ്‌ക്കാര ശൂന്യവും അക്രമോത്സുകവും ജനാധിപത്യ വിരുദ്ധവുമാണ് നിങ്ങളും കൂട്ടരും ഈ വിളിക്കുന്ന മുദ്രാവാക്യത്തിലെ ഓരോ വാക്കുമെന്ന് കോൺഗ്രസ് നേതാവ് വിടി ബൽറാം ഫെയ്‌സ്ബുക്കിൽ കുറിച്ചു. 'വളരെ മോശമായിപ്പോയി ഇത്, ചിന്ത ജെറോം. അങ്ങേയറ്റം സ്ത്രീവിരുദ്ധവും സംസ്‌ക്കാര ശൂന്യവും അക്രമോത്സുകവും ജനാധിപത്യ വിരുദ്ധവുമാണ് നിങ്ങളും കൂട്ടരും ഈ വിളിക്കുന്ന മുദ്രാവാക്യത്തിലെ ഓരോ വാക്കും. നിങ്ങളൊക്കെ സിപിഎമ്മുകാരായത് കൊണ്ട് പിന്നെ ഓഡിറ്റിംഗോ സാംസ്‌കാരിക നായകരുടെ വിമർശനമോ ഒന്നും ഉണ്ടാവില്ല. എന്നാലും പറഞ്ഞൂന്ന് മാത്രം.'- ബൽറാം പറഞ്ഞു.
