ന്യൂഡൽഹി: 2020 ലെ ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിന് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത രാഹുൽ ഗാന്ധി മുൻ കരസേനാ മേധാവി ജനറൽ എം എം നരവനെയുടെ പുസ്തകം ഉയർത്തിക്കാട്ടിയാണ് ആരോപണങ്ങൾ ആവർത്തിച്ചത്. പ്രസിദ്ധീകരിക്കാത്ത പുസ്തകമാണെന്ന് കേന്ദ്ര സർക്കാർ പറയുന്ന ആ പുസ്തകം ഇതാ, 'പുസ്തകം' നിലവിലുണ്ടെന്ന് ഇന്ത്യയിലെ യുവാക്കൾ അറിയണമെന്നും രാഹുൽ പ്രതികരിച്ചു.
'ഈ പുസ്തകം നിലവിലില്ലെന്ന് സ്പീക്കർ പറഞ്ഞിട്ടുണ്ട്, സർക്കാരും ഇതാവർത്തിക്കുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഈ പുസ്തകം നിലവിലില്ലെന്ന് പറഞ്ഞു. എന്നാൽ ഈ പുസ്തകത്തിന്റെ ഉള്ളടക്കം രാജ്യത്തെ യുവാക്കൾ അറിയണം. ലോക്‌സഭയിൽ ഈ 'ഓർമ്മക്കുറിപ്പ്' പരാമർശിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. അതിനാലാണ് ഇവിടെ പറയുന്നത്. ഇന്ത്യ - ചൈന അതിർത്തിയിൽ പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ പ്രധാനമന്ത്രി പറഞ്ഞത് നിങ്ങൾക്ക് ഉചിതമായത് ചെയ്യു എന്നാണ്. ഇതിനർത്ഥം പ്രധാനമന്ത്രി തന്റെ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നാണ്. രാഹുൽ ഗാന്ധി ആരോപിച്ചു.
കരസേനാ മേധാവി ജനറൽ നരവാനെ രാജ്നാഥ് സിങ്ങിനെ വിളിച്ച് 'ചൈനീസ് ടാങ്കുകൾ വന്നിരിക്കുന്നു, നമ്മൾ എന്തുചെയ്യണം? എന്ന് ചോദിച്ചു. രാജ്നാഥ് സിങ് അദ്ദേഹത്തിന് മറുപടി നൽകിയില്ല. പിന്നീട് എസ് ജയ്ശങ്കർ, എൻഎസ്എ അജിത്ത് ഡോവൽ എന്നിവരെ വിളിച്ചു, മറുപടി ലഭിച്ചില്ല. വീണ്ടും രാജ്നാഥ് സിങിനെ വിളിച്ചു, 'ഞാൻ മുകളിലുള്ളവരോട് ചോദിക്കട്ടെ എന്നായിരുന്നു പിന്നീട് അറിയിച്ചത്. അനുവാദമില്ലാതെ നിങ്ങൾ ചൈനീസ് സൈന്യത്തിന് എതിരെ വെടിവയ്ക്കരുത്' എന്ന് നിർദേശമുണ്ടായിരുന്നു. നമ്മുടെ പ്രദേശത്തേക്ക് കടന്നുകയറിയ ചൈനീസ് സൈന്യത്തിന് നേരെ വെടിവയ്ക്കാൻ നരവാനെയും സൈന്യവും ആഗ്രഹിച്ചിരുന്നു. എന്നാൽ നിർണായക ഘട്ടത്തിൽ താൻ തനിച്ചായിരുന്നു എന്നും, സർക്കാരും സംവിധാനങ്ങളും സൈന്യത്തെ കൈവിട്ടെന്നും കരസേനാ മേധാവി പുസ്തകത്തിൽ പറയുന്നുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
