തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം നിയമസഭ അംഗീകരിക്കുകയായിരുന്നു. വർഷങ്ങളായി കേരളം മുന്നോട്ടുവച്ചിട്ടുള്ള ന്യായയുക്തമായ ആവശ്യങ്ങൾ പലതിനും യാതൊരു പരിഗണനയും കേന്ദ്രസർക്കാർ നൽകുന്നില്ല. കേന്ദ്രം ജനാധിപത്യ ഫെഡറൽ മൂല്യങ്ങളെ അവഹേളിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ആവശ്യങ്ങൾക്ക് വർഷങ്ങളായി ഒരു പരിഗണനയും കേന്ദ്രം നൽകുന്നില്ല. എയിംസ് വേണമെന്നുള്ളത് കേരളം രണ്ടു ദശാബ്ദക്കാലത്തിലേറെയായി ഉന്നയിക്കുന്ന ആവശ്യമാണ്. ആവശ്യമായ ഭൂമി സംസ്ഥാന സർക്കാർ കണ്ടെത്തുകയും ഏറ്റെടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല.
സാങ്കേതിക മാതൃക ഏതുതന്നെയായാലും കേരളത്തിന് ഒരു അതിവേഗ റെയിൽപാത അനിവാര്യമാണ്. ഇതിനായി സംസ്ഥാന സർക്കാർ പലവട്ടം കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഈ വർഷത്തെ ബജറ്റിലും കേരളത്തെ അവഗണിച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതൽ മംഗലാപുരം റൂട്ടിൽ മൂന്ന്, നാല് റെയിൽവേ ലൈനുകൾക്കുള്ള സർവേ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന ആവശ്യത്തിലും നടപടിയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സമതുലിതമായ വികസനം ഉണ്ടാവുമ്പോൾ മാത്രമേ രാജ്യത്തിന്റെ പൊതുവികസനം സാധ്യമാവൂ. ഒരു ഭാഗത്തിന്റെ തകർച്ച പൊതു തളർച്ചയ്ക്കാവും വഴിവെക്കുക. കേന്ദ്ര അവഗണന കേരളത്തെ ആകെ നിരാശപ്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനു പിന്നാലെയാണ്, മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം പാസാക്കിയത്.
