കോഴിക്കോട്: നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിക്കില്ലെന്ന് ആർജെഡി നേതാവ് എംവി ശ്രേയംസ് കുമാർ. തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അർഹമായ സീറ്റ് നൽകണമെന്നും ആർജെഡി ഇടുതുമുന്നണിയിൽ തുടരുമെന്നും ആർജെഡി നേതൃയോഗത്തിന് ശേഷം എംവി ശ്രേയാംസ് കുമാർ പറഞ്ഞു. കോവളം സീറ്റിനായി ആർജെഡി ഇടതുമുന്നണിയിൽ അവകാശവാദം ഉന്നയിക്കുമെന്നും പാർട്ടിയിൽ അനൈക്യം ഇല്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
പാർട്ടിയുടെ ശക്തിക്ക് അനുസരിച്ച് അർഹമായ പ്രാതിനിധ്യം നൽകുമെന്ന് കോടിയേരി സിപിഎം സെക്രട്ടറിയായ സമയത്തേ പറഞ്ഞിരുന്നു. ഈ തെരഞ്ഞടുപ്പിൽ പാർട്ടിക്ക് അർഹമായ പരിഗണന നൽകണം. ഇക്കാര്യം സീറ്റ് വിഭജന സമയത്ത് ഉന്നയിക്കും. ചെറിയ പാർട്ടിയാണെങ്കിലും വ്യക്തമായ ആർജെഡിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അധികാരത്തിൽ ഏത് വഴിയും സ്വീകരിക്കില്ല. അടുത്തിടെയായി കേരളത്തിൽ ആശ്വാസകരമല്ലാത്ത പ്രവണതകൾ ഉണ്ടാകുന്നുണ്ട്്. അത് മാറ്റിയെടുക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മുൻ കൈ എടുക്കണമെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു.
ഇടതുമുന്നണിയിൽ സിപിഐയും കേരളാ കോൺഗ്രസും കഴിഞ്ഞാൽ പല മണ്ഡലങ്ങളിലും ആർജെഡിയാണ് പ്രധാന ഘടകം. അത് കൂടി പരിഗണിച്ചാവണം സീറ്റ് ചർച്ചകൾ നടത്തേണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ല. നിർബന്ധത്തിന് വഴങ്ങിയാണ് കഴിഞ്ഞ തവണ മത്സരിച്ചത്. ഇടതുമുന്നണിയുടെ ഭാഗത്തുനിന്ന് വടകര മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയത്തിലുണ്ടെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ സൗഹൃദസന്ദർശനം മാത്രമാണ്. അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കുകയാണ് ചില മാധ്യമങ്ങൾ ചെയ്തത്. ബന്ധങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ ചട്ടക്കൂട്ടിൽ ഒതുങ്ങുന്നതാണോ?. പികെ കുഞ്ഞാലിക്കുട്ടിയും വിഡി സതീശനുമായെല്ലാം വളരെ അടുപ്പത്തിലാണ്. ഇനിയും അവരെ കാണും. അതിൽ രാഷ്ട്രീയമില്ല. പാർട്ടി ഒരിക്കലും യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ല. പാർട്ടിക്കുള്ളിൽ ചിലപ്പോൾ പല അഭിപ്രായമുണ്ടായേക്കാം. പക്ഷെ കൂട്ടായ തീരുമാനമാണ് ഇടതുമുന്നണിക്കൊപ്പം നിൽക്കുകയെന്നതെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.
