തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ മുൻമന്ത്രി ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ശിക്ഷ താൽക്കാലിമായി മരവിപ്പിച്ചത്. ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് നടപടി.
അതേസമയം കേസിൽ ആന്റണി രാജു കുറ്റക്കാരനാണെന്ന കീഴ്‌ക്കോടതി വിധി നിലനിൽക്കുമെന്ന് സെഷൻസ് കോടതി വ്യക്തമാക്കി. നിയമസഭ സാമാജിക പദവിയിൽ നിന്നും അയോഗ്യനാക്കിയ നടപടിയും തുടരുമെന്ന് സെഷൻസ് കോടതി അറിയിച്ചു. കേസിൽ വിശദമായ വാദം കേൾക്കുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരി 6 ന് തീരുമാനമെടുക്കും.
തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച് മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചു എന്ന കേസിലാണ് മുൻ മന്ത്രിയും ഇടതു എംഎൽഎയുമായിരുന്ന ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷ. ഈ ശിക്ഷാവിധിക്കെതിരെയാണ് ആന്റണി രാജു സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്.
