മലപ്പുറം: ഭാരതപ്പുഴയുടെ തീരത്ത് നടന്ന കേരളത്തിന്റെ കുംഭമേള നാളെ സമാപിക്കും. ലക്ഷങ്ങളാണ് ഓരോ ദിവസവും കുംഭമേളയെന്നു വിശേഷിപ്പിച്ച മഹാമാഘ ഉത്സവം കാണാൻ എത്തിയത്. നാളെ രാവിലെ യോഗീശ്വര പൂജയും തുടർന്ന് സന്യാസിമാരും ഭക്തരും ചേർന്നുള്ള അമൃത സ്‌നാനവും നടക്കും. ഉച്ചയ്ക്ക് അന്നപ്രസാദമുണ്ടാകും. വൈകിട്ട് നിളാ ആരതിയോടെ സമാപിക്കും. അടുത്ത വർഷവും ഇതേ രീതിയിൽ കുംഭമേളയുണ്ട്. 2028ൽ മഹാകുംഭമേള നടക്കും. 13 അഖാഡകളും ശങ്കരാചാര്യന്മാരും 2028ൽ നിളാ തീരത്തെ മഹാകുംഭമേളയിൽ പങ്കെടുക്കും.
ഇന്ന് പ്രഥമ തിഥിയും ആയില്യം നക്ഷത്രവും ചേർന്നു വരുന്ന ദിവസം രാവിലെ 6 മുതൽ പ്രത്യേക പൂജകൾ നടക്കും. തൃപ്രങ്ങോട്ടപ്പൻ, തളി ശിവൻ, ബ്രഹ്മാവ്, മഹാലക്ഷ്മി, നവാമുകുന്ദൻ, തിരുമാന്ധാംകുന്നിലമ്മ എന്നീ ദേവീദേവന്മാർക്ക് പൂജ നടത്തും. ശബരിമല മുൻ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി നേതൃത്വം നൽകും.
വൈകിട്ട് കുളപ്പുറത്ത് നീലകണ്ഠൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സർപ്പബലിയുമുണ്ട്. ഇന്നലെ തൈപ്പൂയാഘോഷത്തിന്റെ ഭാഗമായി സുബ്രഹ്മണ്യ പൂജ, മഹാഗണപതി ഹോമം, കാവടിയാട്ടം എന്നിവ നടന്നു. സൂര്യകാലടി മന പരമേശ്വരൻ ഭട്ടതിരിപ്പാട് മഹാഗണപതി ഹോമത്തിന് കാർമികത്വം വഹിച്ചു. രാവിലെ നടന്ന കാവടിയാട്ടത്തിന് ആർ.രജിത് കുമാറും വൈകിട്ട് സന്ദീപ് നെടുമ്പാളും നേതൃത്വം നൽകി. ജ്യോതിസ് കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റും നടന്നു.
