കൊച്ചി: കെഎസ് യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ശരീരത്തിൽ തട്ടിയത് ഗൺമാന്റെ കൈയെന്ന് കെഎസ് യു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവന്നിട്ടും ഗീബൽസിയിൻ തന്ത്രം പോലെ സിപിഎം നേതാക്കൾ നുണകൾ ആവർത്തിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. മന്ത്രിയെ ആക്രമിക്കുന്നതിന്റെ ദൃശ്യം നൽകുന്നവർക്ക് ഒരുപവൻ സ്വർണം നൽകുമെന്നും നേതാക്കൾ പറഞ്ഞു.
അഭിനയറാണി ചമയനാണ് ആരോഗ്യമന്ത്രിയുടെ ശ്രമം. വീണാ ജോർജിന്റെ വ്യാജ ആരോപണത്തെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പടെ കലാപ ആഹ്വാനം നടത്തിയതിന്റെ ഭാഗമായാണ് കണ്ണൂരിലും സംസ്ഥാനത്തൊട്ടാകെ കോൺഗ്രസ് ഓഫീസുകൾ തകർത്തത്. കെഎസ് യു പ്രവർത്തകർനൂലിഴ മന്ത്രിയുടെ ദേഹത്ത് സ്പർശിച്ചിട്ടില്ല. പ്രവർത്തകരുടെ കൈയിൽ കരിങ്കൊടി മാത്രമാണ് ഉണ്ടായിരുന്നത്. സിസിടിവി കാലത്തും സിപിഎം നുണപറയുകയാണെന്നും ഗൂഢാലോചനയ്ക്ക് പിന്നിൽ സ്പീക്കർ എഎൻ ഷംസീർ ആണെന്നും അലോഷ്യസ് പറഞ്ഞു.
വ്യാജ പ്രചാരണം നടത്തിയതിൽ വീണാ ജോർജിനെതിരെ ശക്തമായ നടപടി വേണമെന്ന്് കെഎസ് യു ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെടുകയാണ്. ഇനിയും ഇത്തരത്തിൽ വ്യാജ ആരോപണങ്ങൾ നടത്തി കെഎസ് യു പ്രവർത്തകരെ വേട്ടയാടുമെന്ന ഭീഷണി വേണ്ട. അത്തരം വെല്ലുവിളികൾ കൈയിൽ വച്ചാൽ മതി. ആരോഗ്യമേഖല തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് പോകുമ്പോൾ വാർത്തകൾ വഴിതിരിച്ചുവിടുകയാണ് വീണാ ജോർജ് ചെയ്യുന്നതെന്നും അലോഷ്യസ് പറഞ്ഞു.
മന്ത്രിക്കരികിൽ പ്രതിഷേധക്കാരെത്താതിരിക്കാൻ പൊലീസുകാർ ശ്രമിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് അലോഷ്യസ് പറഞ്ഞു. സമരക്കാർക്കെതിരെ ആക്രോശിച്ചെത്തിയത് മന്ത്രി വീണാ ജോർജാണ്. കെ.എസ്.യു. പ്രവർത്തകരെ മന്ത്രി അസഭ്യം പറഞ്ഞതായും അലോഷ്യസ് പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ വെച്ച് പരിക്കേറ്റതായി രണ്ട് ദിവസം മുമ്പ് നടന്ന ദേശാഭിമാനിയുടെ പരിപാടിയിൽ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു. ഇന്ന് മട്ടന്നൂരിൽ നടന്ന പരിപാടിയിലും മന്ത്രിയുടെ കൈയിൽ ആ പരിക്കുണ്ട്. കെ.എസ്.യു. പ്രവർത്തകർ കയ്യേറ്റം ചെയ്തിട്ടല്ല മന്ത്രിക്ക് പരിക്കേറ്റത്. കെഎസ് യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ഏതെങ്കിലും ദൃശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
