മലമ്പുഴയില്‍ എ സുരേഷ് യുഡിഎഫ് സ്ഥാനാര്‍ഥി?; സര്‍പ്രൈസ് നീക്കവുമായി കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ആയിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം.

ഇത് സംബന്ധിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ സുരേഷുമായി സംസാരിച്ചതായാണ് വിവരം. യുഡിഎഫ് സ്വതന്ത്രനായി സുരേഷിനെ മത്സരിപ്പിക്കാനാണ് നീക്കം നടത്തുന്നത്.

ദീര്‍ഘകാലമായി സിപിഎമ്മുമായി അകന്നുനില്‍ക്കുകയാണ് എ സുരേഷ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സുരേഷുമായി ബന്ധപ്പെട്ടത്. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ സുരേഷ് തീരുമാനം അറിയിച്ചിട്ടില്ല.

സിപിഎമ്മിന്റെ കുത്തക മണ്ഡലങ്ങളില്‍ ഒന്നാണ് മലമ്പുഴ. വിഎസിന്റെ ഏറെ അടുപ്പക്കാരനായ സുരേഷ് മത്സരിക്കുന്നതോടെ മലമ്പൂഴയില്‍ ശക്തമായി തിരിച്ചുവരാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ഇകെ നായനാരും വിഎസ് അച്യുതാനന്ദനും മത്സരിച്ച മണ്ഡലമാണ് മലമ്പുഴ. 2001 മുതല്‍ 2016വരെ നാലുതവണ വിഎസ് മലമ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയം തേടി. കഴിഞ്ഞ തവണ എ പ്രഭാകരനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 25,000ല്‍പ്പരം വോട്ടുകള്‍ക്കായിരുന്നു ഇടതുമുന്നണിയുടെ വിജയം.
Previous Post Next Post