തിരുവനന്തപുരത്ത് പത്ത് സിപിഎം സിറ്റിങ് എംഎൽഎമാർ മത്സരിക്കും; ജോയിക്ക് പകരം പുതിയ ജില്ലാ സെക്രട്ടറി വരും

 


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിൽ സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ സിപിഎം നേതൃതലത്തിൽ ധാരണ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാത്. വർക്കല എംഎൽഎ കൂടിയായ പാർട്ടി ജില്ലാ സെക്രട്ടറി വി ജോയി വീണ്ടും മത്സരരംഗത്ത് എത്തുന്നതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആൾ വരും.


വിജയസാധ്യത കണക്കിലെടുത്താണ് സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചത്. തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് കൈമാറാനും യോഗത്തിൽ തീരുമാനമായി. ഘടകകക്ഷികൾക്ക് നൽകിയിരുന്ന കോവളം, തിരുവനന്തപുരം സെൻട്രൽ മണ്ഡലങ്ങൾ പാർട്ടി സ്ഥാനാർഥികളെ മത്സരിപ്പിക്കണമെന്നും യോഗത്തിൽ ചർച്ചയായി. അക്കാര്യത്തിൽ ഇവിടെ തീരുമാനമെടുക്കാൻ കഴിയുന്നതല്ലെന്ന് എംവി ഗോവിന്ദൻ യോഗത്തിൽ വ്യക്തമാക്കി. വി ജോയിയെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി വീണ്ടും മത്സരിപ്പിക്കുന്നതിനോട് എംവി ഗോവിന്ദൻ വിയോജിപ്പ് അറിയിച്ചതായാണ് വിവരം.


കഴിഞ്ഞ തവണ ജില്ലയിൽ മത്സരിച്ച 10 സീറ്റുകളിലും സിപിഎം സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. തിരുവനന്തപുരം സെൻട്രൽ സീറ്റിൽ ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർഥിയായി ആന്റണി രാജുവാണ് വിജയിച്ചത്. തൊണ്ടിമുതൽ കേസിൽ ആന്റണി രാജു അയോഗ്യനായ സാഹചര്യത്തിലാണ് സീറ്റ് ഏറ്റെടുക്കാനുള്ള സിപിഎമ്മിന്റെ നീക്കം. കഴിഞ്ഞ തവണ കോവളത്ത് ജനതാദൾ സ്ഥാനാർഥിയായി മത്സരിച്ച നീലലോഹിതദാസ നാടാർ കോൺഗ്രസിലെ എം വിൻസെന്റിനോട് പരാജയപ്പെട്ടിരുന്നു. സിപിഎം മത്സരിച്ചാൽ സീറ്റ് തിരികെ പിടിക്കാനാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

Previous Post Next Post