തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്കുള്ള യാത്രയിൽ തിരുവനന്തപുരത്തെ മറ്റു ബിജെപി കൗൺസിലർമാർക്കൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഈ പ്രായത്തിൽ ട്രെയിനിൽ പോകാനാവില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നതായും അഞ്ച് ദിവസം തിരുവനന്തപുരത്ത് നിന്നും മാറിനിൽക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ശ്രീലേഖ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞു.
പൈസ അനാവാശ്യമായി ചെലവാക്കുന്നതിൽ മടിയുള്ള വ്യക്തിയാണ് താനെന്നും അതിനാൽ വിമാന ടിക്കറ്റ് നൽകാമെന്നു പറഞ്ഞിട്ടും യാത്ര ഒഴിവാക്കുകയായിരുന്നെന്നും ശ്രീലേഖ പറഞ്ഞു. അതേസമയം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശ്രീലേഖ തള്ളി. വരുന്ന അഞ്ചുവർഷവും കൗൺസിലറായി തുടരാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി. തന്റെ തീരുമാനങ്ങളെല്ലാം പാർട്ടിയുടെ അറിവോടെയാണെന്നും ആർ ശ്രീലേഖ വ്യക്തമാക്കി.
ശ്രീലേഖയുടെ വാക്കുകൾ....
''തീയില്ലാതെ പുകയുണ്ടാക്കാൻ വിദഗ്ധരാണല്ലോ ചില മാധ്യമപ്രവർത്തകർ. ഇന്ന് രാവിലെ മുതൽ ചിലർ എന്നെ വിളിക്കുന്നു. തിരുവനന്തപുരം കോർപറേഷൻ ഒരു ചരിത്ര വിജയമാണ് നേടിയിരിക്കുന്നത്. 45 വർഷത്തിന് ശേഷം ബിജെപിയുടെ നേതൃത്വത്തിൽ ഒരു ഭരണം വന്നു. അങ്ങനെ വലിയ ഉത്സാഹത്തിമർപ്പിലിരിക്കുമ്പോഴാണ് ഡൽഹിയിൽ നിന്ന് വിളിക്കുന്നത്. കൗൺസിലർമാർ കുറച്ചു പേർ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കണമെന്ന്. കേരള എക്‌സ്പ്രസിൽ കയറി ഡൽഹിയിലേയ്ക്ക് പോകുന്നു, എല്ലാ സ്ഥലത്തും സ്വീകരണം വാങ്ങിക്കുന്നു. 13 ാം തിയതി രാവിലെയേ തിരിക്കൂ എന്നു പറഞ്ഞു. 14 പേരാണ് ആദ്യം തിരുവനന്തപുരത്ത് നിന്ന് പോകാൻ തീരുമാനിച്ചിരുന്നത്. ഈ പ്രായത്തിൽ കേരള എക്‌സ്പ്രസിൽ നടത്താൻ പ്രയാസമാണെന്ന് പറഞ്ഞു. ഫ്‌ളൈറ്റിൽ വേണമെങ്കിൽ അറേഞ്ച് ചെയ്യാമെന്ന് ഒരു ഓഫർ ഉണ്ടായിരുന്നതാണ്. പക്ഷേ, ഞാൻ പറഞ്ഞു, വേണ്ട. എന്തിനാണ് വെറുതെ കാശ് കളയുന്നത്. എനിക്ക് പൈസ അനാവശ്യമായി മുടക്കുന്നതിൽ വലിയ വിരോധമുള്ള വ്യക്തിയാണ് ഞാൻ. എന്റെ തെരഞ്ഞെടുപ്പിൽ പോലും ഞാൻ വളരെ പിടിച്ചാണ് ഓരോ ചെലവും നടത്തിയത്. പലരും എന്നോട് ചോദിച്ചു എന്തുകൊണ്ടാണ് ശ്രീലേഖയുടെ പോസ്റ്റർ മാത്രം ഇത്രയധികം കുറഞ്ഞു പോയത്. എന്തുകൊണ്ടാണ് വാഹനപ്രചാരണം ഒന്നും കാണുന്നില്ല. മൈക്ക് വെച്ച് ശ്രീലേഖയുടെ പേര് വിളിച്ചുകൊണ്ട് പോകുന്നില്ല എന്നൊക്കെ പറഞ്ഞു. ഇത്രയും ആളുകളുമായി ഡൽഹിയിൽ പോകുമ്പോൾ നല്ല ചെലവാണ് പാർട്ടിക്ക്. ഞാൻ കാരണം അത്രയും ചെലവുണ്ടാകേണ്ട എന്ന് തോന്നി. എനിക്ക് പേഴ്‌സണലായി ചില ബുദ്ധിമുട്ടുകളും ഉണ്ട്. അമ്മയ്ക്ക് 93 വയസായി. അഞ്ച് ദിവസമൊന്നും വീട്ടിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല. വീട്ടിൽ ആള് വേണം. അതാണ് ഞാൻ മാറി നിൽക്കാൻ കാരണം. അല്ലാതെ പ്രതിഷേധിച്ചിട്ടോ ആരോടും അനിഷ്ടമുണ്ടായിട്ടോ അല്ല പോകാതിരുന്നത്. ഞാനൊരു ബിജെപിയുടെ തികഞ്ഞ വിശ്വാസിയാണ്. ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചതുകൊണ്ട് ഇനിയൊരു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമില്ല. അതിനുള്ള ചെലവ് വഹിക്കാൻ കഴിയില്ല. അത് പാർട്ടിയെക്കൊണ്ട് വഹിപ്പിക്കുന്നതിൽ എനിക്ക് താൽപ്പര്യമില്ല. ഇത് വിവാദമാക്കാൻ എനിക്ക് താൽപ്പര്യവുമില്ല'', ശ്രീലേഖ പറഞ്ഞു.
