തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണത്തിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കും. ഇതുസംബന്ധിച്ച നിയമോപദേശം സർക്കാരിന് ലഭിച്ചു. ഉടൻ തന്നെ സർക്കാർ ഉത്തരവ് പുറത്തിറക്കും.
ഇതിൽ അന്തിമ തീർപ്പ് സുപ്രീംകോടതി വിധി അനുസരിച്ചാകുമെന്ന ഉപാധിയും മുന്നോട്ടു വെച്ചിട്ടുണ്ട്. ഭിന്നശേഷി സംവരണ വിഷയത്തിൽ ക്രൈസ്തവ സഭകൾ അടക്കം രൂക്ഷ എതിർപ്പുമായി മുന്നോട്ടു വന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ ക്രൈസ്തവ സഭകൾ അടക്കമുള്ള സമുദായസംഘടനകളെ പ്രീണിപ്പിക്കുക കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്.
നേരത്തെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ, സമാനസമുദായങ്ങൾക്കും ഇതു ബാധകമാക്കാവുന്നതാണെന്ന ക്ലോസ് നിർദേശിച്ചിരുന്നു. അതുചൂണ്ടിക്കാട്ടി കെസിബിസി അടക്കം സമീപിച്ചെങ്കിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചപ്പോൾ, കോടതി നിലപാട് തേടിയപ്പോഴും എൻഎസ്എസിന് അനുകൂലമാക്കി മാത്രമാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
