മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കെജരിവാൾ, 'ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിലടച്ചു; ഗൂഢാലോചന നടത്തിയത് മോദിയും അമിത് ഷായും'



ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കോടതി പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് മുൻ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജരിവാൾ. ഒരു തെറ്റും ചെയ്യാത്ത എന്നെ ആറുമാസം ജയിലിലടച്ചു. ഞാൻ കള്ളനാണെന്ന് വ്യാപകമായി പ്രചരിച്ചു. ഇപ്പോൾ സത്യം വിജയിച്ചു'- അരവിന്ദ് കെജരിവാൾ പറഞ്ഞു.


'ഇന്ന്, ഈ കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടിരിക്കുന്നു. സത്യം വിജയിക്കുമെന്ന് ഞങ്ങൾ എപ്പോഴും പറയാറുണ്ട്. ഇന്ത്യൻ നിയമവ്യവസ്ഥയിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്. അമിത് ഷായും മോദിജിയും ചേർന്ന് ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാൻ ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചന നടത്തി. പാർട്ടിയിലെ 5 വലിയ നേതാക്കളെ ജയിലിലടച്ചു. അന്നത്തെ മുഖ്യമന്ത്രിയെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് ജയിലിലടച്ചു. കെജരിവാൾ അഴിമതിക്കാരനല്ല. എന്റെ ജീവിതത്തിൽ ഞാൻ സത്യസന്ധത മാത്രമേ പുലർത്തിയിട്ടുള്ളൂ. കെജരിവാളും മനീഷ് സിസോദിയയും എഎപിയും സത്യസന്ധരാണെന്ന് കോടതി പറഞ്ഞിരിക്കുന്നു.'- അരവിന്ദ് കെജരിവാൾ പറഞ്ഞു.


ഡൽഹി മദ്യനയക്കേസിൽ റൗസ് അവന്യൂ കോടതിയാണ് കെജരിവാളിനെയും മനീഷ് സിസോദിയെയും കുറ്റവിമുക്തരാക്കിയത്. കുറ്റപത്രത്തിൽ ഇവർക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സിബിഐക്കായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. റോസ് അവന്യൂ കോടതിയിലെ സ്‌പെഷ്യൽ ജഡ്ജി ജിതേന്ദർ സിങ്ങിന്റേതാണ് സുപ്രധാന വിധി.


കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 23 പേരെയും കോടതി കുറ്റവിമുക്തരാക്കി. അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയ കോടതി സിബിഐക്കെതിരെ രൂക്ഷവിമർശനവും നടത്തി. ആയിരത്തിലേറെ പേജുകളുള്ള കുറ്റപത്രത്തിൽ നിരവധി പോരായ്മകൾ ഉണ്ടെന്നും സാക്ഷിമൊഴികളോ തെളിവുകളോ ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

Previous Post Next Post