'ശബരിമല ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല; തന്ത്രി അറിയാതെ ഒന്നും നഷ്ടമാകില്ല'

 


കൊച്ചി: ശബരിമല ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ലെന്ന് മന്ത്രി വിഎൻ വാസവൻ. വിശ്വാസി സമൂഹത്തിന്റെ താൽപര്യം സംരക്ഷിച്ച് മാത്രമേ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുകയുള്ളൂവെന്നും ഇക്കാര്യത്തിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി പറഞ്ഞത് ശരിയാണെന്നും വിഎൻ വാസവൻ പറഞ്ഞു. തന്ത്രി അറിയാതെ ശബരിമലയിൽ നിന്ന് ഒന്നും നഷ്ടമാകില്ലെന്നും സാമാന്യ ബുദ്ധിയുള്ള ആർക്കും ഇക്കാര്യം മനസിലാകുമെന്നും മന്ത്രി പറഞ്ഞു.


'അങ്ങനെ ഒരാക്ടിവിസമല്ല വരേണ്ടത്. പൊതുവായ നിലപാടെടുത്ത് പോകേണ്ടതാണെന്നാകും കടകംപള്ളി അന്ന് പറഞ്ഞിട്ടുള്ളത്. ഈ വിഷയത്തിൽ വിശ്വാസി സമൂഹത്തിന്റെ താൽപര്യങ്ങളിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള ഒരു തീരുമാനവും ഈ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ല എന്ന് നേരത്തെ തന്നെ നിയമമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞു. അതനുസരിച്ചുള്ള നടപടികളാണ് ഈ ഉത്സവകാലത്തുണ്ടായത്. ഒരാചാരാനുഷ്ഠാനവും ഒരു സ്ഥലത്തും ലംഘിക്കാൻ അവസരം ഉണ്ടായിട്ടില്ല'- മന്ത്രി പറഞ്ഞു.


'ശബരിമല സന്നിധാനത്ത് നിന്ന് സ്വർണം ഇളക്കിക്കൊണ്ട് പോകണമെങ്കിലോ ഏതെങ്കിലുമൊരു പ്രവൃത്തി നടക്കണമെങ്കിലോ അതിന്റെ പരമാധികാരിയായി നിൽക്കുന്ന തന്ത്രിയുടെ അറിവില്ലാതെ സാധിക്കില്ലെന്നത് സാമാന്യബുദ്ധിയുള്ള ആർക്കും അറിയാം'. അത് എല്ലാവരും മനസിലാക്കി വയ്ക്കണം'- മന്ത്രി പറഞ്ഞു.

Previous Post Next Post